ആലപ്പുഴ: കരയിലും വെള്ളത്തിലും ഓടിക്കാന്‍ കഴിയുന്ന ‘വാട്ടര്‍ ബസ്’ പദ്ധതിയുമായി ജലഗതാഗത വകുപ്പ് എത്തുന്നു. കൂടുതലും വിദേശരാജ്യങ്ങളില്‍ കണ്ടു വരുന്ന ഇത്തരം ബസുകള്‍ കേരളത്തില്‍ ആദ്യമായാണ് എത്തുന്നത്. ആഡംബര ബോട്ടുകള്‍ക്ക് ശേഷം ജല ഗതാഗത വകുപ്പ് തുടങ്ങുന്ന പദ്ധതിയുടെ സാധ്യതാ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ആലപ്പുഴ ജില്ലയിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. വടക്കന്‍ പ്രദേശമായ പെരുമ്പളം, പാണാവള്ളി, തവണക്കടവ്, വൈക്കം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി ഉള്‍നാടന്‍ ജല പാതയില്‍ സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ചെലവും സാങ്കേതിക വശങ്ങളും നിയമ വശങ്ങളും വിലയിരുത്തുന്നതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജല ഗതാഗത വകുപ്പിന്റെ തീരുമാനം.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യിലെ ഷിപ് ടെക്‌നോളജി വിഭാഗം അധ്യാപകന്‍ ഡോ. സിബി സുധീന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ആലപ്പുഴയിലെ പ്രത്യേകത കണക്കിലെടുത്താണ് ജില്ലയില്‍ ആദ്യം വാട്ടര്‍ സര്‍വീസിനുള്ള പഠനം നടത്തിയത്. വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുക.