തൃശ്ശൂര്‍: തന്നെ കേള്‍പ്പിക്കാനാണെങ്കില്‍ വീടിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചിട്ട് കാര്യമില്ലെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്ര അധികാരത്തിലെത്തിയതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്റെ വീടിന് മുന്നില്‍ ആഹ്‌ളാദ പ്രകടനം നടത്തിയതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദീപാ നിഷാന്ത്.
വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍ കുറേനേരമായി എന്റെ വീടിനു മുന്നില്‍ മാലപ്പടക്കം പൊട്ടിച്ചും കമ്പിപ്പൂത്തിരി മേശപ്പൂവാദികള്‍ കത്തിച്ചും സുമധുരകോമളപദാവലികളാല്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും ഗതാഗതതടസ്സമുണ്ടാക്കിയും ആനന്ദിക്കുകയാണെന്ന് അമ്മയിപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. എന്നാല്‍ തന്നെ കേള്‍പ്പിക്കാനാണെങ്കില്‍ അവിടെ പൊട്ടിച്ചിട്ടു കാര്യമില്ലെന്ന് ആരെങ്കിലും ചെന്ന് പറഞ്ഞെങ്കില്‍ വല്യ ഉപകാരമായിരിക്കുമെന്ന് ദീപ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്കില്‍ തന്റെ പ്രതികരണം അറിയിച്ചതിന് പിന്നാലെ ദീപ നിഷാന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ‘ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ …. അവര്‍ വരും മുന്നേ ടീച്ചര്‍ അവിടെ നിന്ന് മുങ്ങില്ലേ ടീച്ചര്‍’ എന്ന് പോസ്റ്റിന് ഒരാള്‍ കമന്റ് ചെയ്തു. 2 കൊല്ലം മുന്നേ മുങ്ങീതാണ്. സ്വന്തം പ്രവര്‍ത്തകരെ ഇങ്ങനെ അപമാനിക്കരുത്. ഓടുന്ന പട്ടികളുടെ പുറകെയോടുന്ന ശീലം നിലവിലില്ല. അതോര്‍ത്ത് കുണ്ഠിതപ്പെടരുതെന്ന് മറുപടിയും നല്‍കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വിജയാഹ്ലാദത്തില്‍ മതിമറന്ന പ്രവര്‍ത്തകര്‍ കുറേനേരമായി എന്റെ വീടിനു മുന്നില്‍ മാലപ്പടക്കം പൊട്ടിച്ചും കമ്പിപ്പൂത്തിരി മേശപ്പൂവാദികള്‍ കത്തിച്ചും സുമധുരകോമളപദാവലികളാല്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും ( മുദ്രകളാണ് അധികം !വാക്യം കുറവാണത്രേ !) ഗതാഗതതടസ്സമുണ്ടാക്കിയും ആനന്ദിക്കുകയാണെന്ന് അമ്മയിപ്പോള്‍ വിളിച്ചു പറഞ്ഞു.( കേന്ദ്രഭരണം കിട്ടിയതിനോ അമേഠി കിട്ടിയതിനോ ഒക്കെയാവണം)
പ്രായമായ രണ്ടു പേര്‍ മാത്രമേ വീട്ടിലുള്ളൂ. അസുഖങ്ങളുമുള്ളവരാണ്. എന്നെ കേള്‍പ്പിക്കാനാണെങ്കില്‍ അവിടെ പൊട്ടിച്ചിട്ടു കാര്യമില്ലെന്ന് ആരെങ്കിലും ചെന്ന് പറഞ്ഞെങ്കില്‍ വല്യ ഉപകാരം. ഞാനവിടല്ല താമസിക്കുന്നത്.ഇവിടെയാണെങ്കില്‍ തെരുവുനായ്ക്കളുടെ ശല്യം ധാരാളമുള്ളതിനാല്‍ കുറച്ചു പടക്കം പൊട്ടിച്ചാല്‍ ഉപകാരമായേനെ.
Discussion about this post