തിരുവനന്തപുരം: കഴിഞ്ഞ ദിവസം കുലശേഖരത്തിനു സമീപം പിണന്തോടിലുള്ള ജോണ്‍ എബിനേസറുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണമാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി കടയില്‍ സൂക്ഷിച്ചിരുന്ന 60,000ത്തോളം രൂപയും വസ്തുക്കളും മോഷ്ടിച്ചു. ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ക്യാമറയും ഹാര്‍ഡ് ഡിസ്‌കും കവര്‍ന്ന് ബുദ്ധിപരമായ നീക്കം നടത്തി.
പക്ഷേ ഒരു കാര്യം മാത്രം മറന്നു പോയി, അതോടെ എല്ലാ ബുദ്ധിനീക്കങ്ങളും അസ്ഥാനത്തായി. മറന്നത് മറ്റൊന്നുമല്ല, സ്വന്തം മൊബൈല്‍ ഫോണ്‍ തന്നെയായിരുന്നു. ശേഷം കടയ്ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ഫോണ്‍ കണ്ടെടുക്കുകയായിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കളിയല്‍ സ്വദേശി സഞ്ചുവിന്റെ അടുത്തെത്തി. ശേഷം സഞ്ചുവിനെ അറസ്റ്റും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കട പൂട്ടിപ്പോയ എബിനേസര്‍ ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിലെ പൂട്ട് തകര്‍ന്ന നിലയില്‍ കണ്ടത്. പരിശോധനയിലാണ് കടയില്‍ നിന്ന് 60,000 രൂപയും വസ്തുക്കളും മോഷണം പോയതായി അറിഞ്ഞത്.