കുളിക്കുന്നതിനിടെ ബാലസംഘം പ്രവര്‍ത്തകരായ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഎഫ്ഐ നേതാവ് മരണപ്പെട്ടു

ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കല്ലടുക്ക മണിയിലനില്‍ ശനിയാഴ്ചയോടെയായിരുന്നു സംഭവം.

മംഗളൂരു: കര്‍ണാടകത്തില്‍ വിവാഹത്തിന് പോയ ബാലസംഘ പ്രവര്‍ത്തകനും രക്ഷിക്കാന്‍ ഇറങ്ങിയ ഡിവൈഎഫ്‌ഐ നേതാവും പുഴയില്‍ മുങ്ങിമരിച്ചു. ഡിവൈഎഫ്ഐ കുമ്പള(കാസര്‍കോട്) മേഖലാ സെക്രട്ടറിയും സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗവുമായ കോയിപ്പാടിയില്‍ താമസിക്കുന്ന ചന്ദ്രകാരണവരുടെ മകന്‍ അജിത്ത്കുമാര്‍ (37), ബാലസംഘം പ്രവര്‍ത്തകനായ കുമ്പള നായിക്കാപ്പ് മുളിയടുക്കയിലെ മണികണ്ഠന്റെ മകന്‍ മനീഷ് (16) എന്നിവരാണ് മരിച്ചത്.

ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കല്ലടുക്ക മണിയിലനില്‍ ശനിയാഴ്ചയോടെയായിരുന്നു സംഭവം. കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഇതിനിടയില്‍ മനീഷും ബാലസംഘത്തിലെ തന്നെ മറ്റൊരു പ്രവര്‍ത്തകനായ യക്ഷിതും (13) ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. കണ്ട ഉടനെ ഇരുവരെയും രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അജിത്ത് കുമാര്‍. എന്നാല്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അജിത്ത് മരണപ്പെടുകയായിരുന്നു.

നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. മൂവരെയും ഉടനെ തുമ്പ ഫാ. മുള്ളേഴ്സ് ആശുപത്രിയിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും അജിത്ത്കുമാറും മനീഷും മരിച്ചിരുന്നു. കുമ്പളയിലെ യക്ഷിത് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ ബണ്ട്വാള്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരും. മനിതയാണ് അജിത്തിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്.

Exit mobile version