എന്റെ ശൈലി ഇത് തന്നെയായിരിക്കും, യാതൊരു മാറ്റവും ഉണ്ടാകില്ല; ഈ നിലയിലെത്തിയത് ആ ശൈലിയിലൂടെ തന്നെയാണ്; ഉറച്ച നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാനസര്‍ക്കാരും ചെയ്തത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ശബരിമല വിഷയം അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന് നേരെയുള്ള തിരിച്ചടി ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയതാണ്. അത് പാര്‍ട്ടി വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ജനവിധിയുടെ പേരില്‍ തന്റെ ശൈലി മാറ്റാനും രാജി വെയ്ക്കാനും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ”ഈ ഫലം സിപിഎമ്മിന്റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികള്‍ മുതല്‍ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതല്‍ പറയാം” മുഖ്യമന്ത്രി പ്രതികരിച്ചു.

”ശബരിമല വിഷയം ബാധിക്കുമായിരുന്നെങ്കില്‍ ഗുണഫലം കിട്ടേണ്ടത് ബിജെപിക്കായിരുന്നില്ലേ? പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയില്ലേ? അതുകൊണ്ട് അത്തരം വാദങ്ങളില്‍ കഴമ്പില്ല”, അദ്ദേഹം തുറന്നടിച്ചു. അതേസമയം ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ശൈലീമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തോട് ആദ്യം അദ്ദേഹം പുഞ്ചിരിക്കുകയാണ് ചെയ്തത്. ശേഷം വ്യക്തമായ മറുപടിയും നല്‍കി. ‘എന്റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാന്‍ ഈ നിലയിലെത്തിയത് എന്റെ ശൈലിയിലൂടെയാണ്. അത് മാറില്ല.” അദ്ദേഹം പറയുന്നു.

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാനസര്‍ക്കാരും ചെയ്തത്. കേന്ദ്രസര്‍ക്കാരിനും അതില്‍ വേറെ ഒരു വഴിയുണ്ടായിരുന്നില്ല. ശബരിമലയില്‍ പ്രശ്‌നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നതിന് തെളിവ് കാണിച്ചതുമാണ്. രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version