തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓരോ തെരഞ്ഞെടുപ്പിലേയും ജയ-പരാജയ കാര്യ കാരണങ്ങള്‍ വിലയിരുത്തിക്കൊണ്ട് മുന്നോട് പോകുകയാണ് ഇടതുപക്ഷത്തിന്റെ ശൈലിയെന്നും ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി ഓരോ മേഖലയിലും തിരുത്തല്‍ വരുത്തും. വസ്തുനിഷ്ടമായി തന്നെ പരിശോധനകള്‍ നടത്തും. ബൂത്ത് തലത്തില്‍ തന്നെ പരിശോധനകള്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
എസ്എഫ്ഐ വിദ്യാര്‍ത്ഥി ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്ന യുഡിഎഫ് പ്രചാരണം കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ചു. ഇതാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ കാരണമായത്. അതേസമയം ആര്‍എസ്എസിന് കടന്നുവരാന്‍ സാധിക്കാത്ത ഒരു സംസ്ഥാനമായി കേരളം മാറിയതില്‍ ഇടതുപക്ഷം അഭിമാനിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.