വയനാട്ടില്‍ അയല്‍വാസിയുടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇരുവരെയും വെടിവെച്ച ചാര്‍ളി എന്നയാള്‍ സംഭവശേഷം കര്‍ണാടക വനത്തിലേക്ക് രക്ഷപ്പെട്ടു

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മനാണ് അയല്‍വാസിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിധിന്റെ പിതൃസഹോദരന്‍ കിഷോറിനും വെടിയേറ്റിട്ടുണ്ട്. ഇയാളെ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് ഒടുവില്‍ വെടിവെപ്പില്‍ കലാശിച്ചത്.

ഇരുവരെയും വെടിവെച്ച ചാര്‍ളി എന്നയാള്‍ സംഭവശേഷം കര്‍ണാടക വനത്തിലേക്ക് രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി നാട്ടുകാരും പോലീസും കാട്ടില്‍ തെരച്ചില്‍ നടത്തുകയാണ്. ഈ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനാണ് പ്രതിയായ ചാര്‍ളി. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും കാട്ടിനകത്ത് സഞ്ചരിച്ച് ചാര്‍ളിക്ക് നല്ല പരിചയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചാര്‍ളി അയല്‍ക്കാരുമായി വാക്കേറ്റമുണ്ടാക്കിയത്.

വഴക്കിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇരുകൂട്ടരേയും അനുനയിപ്പിച്ച് വിട്ടിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോയ ചാര്‍ളി തോക്കുമായി തിരിച്ചു വന്ന് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചില്‍ വെടിയേറ്റ നിതിന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കിഷോറിന് വയറിനാണ് വെടിയേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആതിരയാണ് മരിച്ച നിധിന്റെ ഭാര്യ. മൂന്ന് വയസുള്ള മകളുണ്ട്.

Exit mobile version