തൃശ്ശൂര്‍;തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തുടക്കം കുറിച്ച വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിച്ച് മന്ത്രി കെടി ജലീല്‍. ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടിയിരുന്ന എടപ്പാള്‍ ചുങ്കത്ത് ഫ്ലൈ ഓവറിന് തുടക്കം കുറിച്ചുവെന്നും, തവനൂര്‍ ഗവ: കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ജൂണ്‍ അവസാന വാരം നിയമസഭാ സ്പീക്കര്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ ഒളമ്പക്കടവ് പാലം പണി പുരോഗമിക്കുകയാണെന്നും എടപ്പാള്‍ ഗവ: ഹയര്‍ സെക്കന്റെറി സ്കൂളില്‍ 6 കോടി ചിലവിട്ട് നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നുവെന്നും മന്ത്രി അറിയിച്ചു. പുതിയ ഹൈസ്കൂള്‍ ബ്ലോക്കിന്റെ പണി 50 % പൂര്‍ത്തിയായിയെന്നും മന്ത്രി വ്യക്തമാക്കി.
എടപ്പാള്‍ ചുങ്കത്ത് ഫ്ലൈ ഓവറിന്റെ പണി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പണി നടക്കുന്ന വേളയില്‍ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും എടപ്പാളിലെ കച്ചവടക്കാര്‍ക്കും നേടരിടാനിടയുള്ള പ്രയാസത്തില്‍ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു വലിയ നേട്ടത്തിനായുള്ള ചെറിയ വേദനകളായി അവയെ കാണാന്‍ അപേക്ഷയുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്;
ഇനി വികസനത്തിന്റെ വസന്തകാലം
—————————————-
തെരഞ്ഞെടുപ്പ് അവസാനിച്ചു. പോര്‍വിളികള്‍ക്ക് വിരാമമായി. ഒരു യുദ്ധമുഖത്ത് നില്ക്കുമ്പോള് സൈന്യാധിപരും പട്ടാളക്കാരും ചെയ്യുന്നത് പോലെ പരസ്പരം വെല്ലുവിളികള്‍ നടത്തിയിട്ടുണ്ടാകും. ആരോടുമുള്ള വിദ്വേഷം കൊണ്ടായിരുന്നില്ല ഒന്നും. എന്റെ വാക്കുകളോ പ്രയോഗങ്ങളോ ആരുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചുവെങ്കില്‍ സഹോദര ബുദ്ധ്യാ ക്ഷമിക്കാന്‍ അഭ്യര്‍ത്ഥന. എനിക്കെതിരായി ഫേസ് ബുക്ക് സുഹൃത്തുക്കള്‍ ചൊരിഞ്ഞ ആക്ഷേപ വര്‍ഷങ്ങളില്‍ എനിക്ക് പരിഭവമേയില്ല. സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിലേ ഞാന്‍ അതിനെ കണ്ടിട്ടുള്ളു.
ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടിയിരുന്ന എടപ്പാള്‍ ചുങ്കത്ത് ഫ്ലൈ ഓവറിന്റെ പണി ഇന്ന് തുടങ്ങുകയാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പത്ത് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പണി നടക്കുന്ന വേളയില്‍ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും എടപ്പാളിലെ കച്ചവടക്കാര്‍ക്കും നേടരിടാനിടയുള്ള പ്രയാസത്തില്‍ വിഷമമുണ്ട്. ഒരു വലിയ നേട്ടത്തിനായുള്ള ചെറിയ വേദനകളായി അവയെ കാണാന്‍ അപേക്ഷ. ഒളമ്പക്കടവ് പാലം പണി പുരോഗമിക്കുകയാണ്. എടപ്പാള്‍ ഗവ: ഹയര്‍ സെക്കന്റെറി സ്കൂളില്‍ 6 കോടി ചിലവിട്ട് നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നു. പുതിയ ഹൈസ്കൂള്‍ ബ്ലോക്കിന്റെ പണി 50 % പൂര്‍ത്തിയായി. തവനൂര്‍ ഗവ: കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ജൂണ്‍ അവസാന വാരം നിയമസഭാ സ്പീക്കര്‍ നിര്‍വഹിക്കും. കോളേജ് സൈറ്റിലേക്കുള്ള റോഡിനാവശ്യമായ ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തില്‍ ബാപ്പു ഹാജിയുടെ മക്കള്‍ സൗജന്യമായി നല്‍കിയതോടെ എല്ലാ തടസ്സങ്ങളും നീങ്ങി. അവര്‍ക്കെല്ലാവര്‍ക്കും പ്രത്യേക നന്ദിയുണ്ട്. മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍സാണ് കരാര്‍ എടുത്തിരിക്കുന്നത്. നായര്‍തോട് പാലം പണിയും ചമ്രവട്ടം പാലത്തിന്റെ ചോര്‍ച്ച അടക്കുന്നതിനുള്ള പ്രവൃത്തിയും അധികം വൈകാതെ ആരംഭിക്കും. ഓരോ സംരഭങ്ങളിലും കക്ഷി രാഷ്ട്രീയത്തിനതീതമായി സഹകരിച്ച എല്ലാവര്ക്കും ഒരുപാടൊരുപാട് സ്നേഹം.
Discussion about this post