തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും വന്‍ മയക്കുമരുന്നു വേട്ട. മൂന്ന് കോടി രൂപയുടെ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് രണ്ടേ കാല് കിലോ ഹാഷിഷ് ഓയിലും മറ്റ് മയക്കുമരുന്നുകളുമാണ് എക്സൈസ് സംഘം പിടികൂടിയത്. തൃശ്ശൂര്‍ കിഴക്കേക്കോട്ടയില്‍ അലങ്കാര മത്സ്യക്കട നടത്തിയിരുന്ന മിഥിന്, കണ്ണൂര്‍ സ്വദേശി ചിഞ്ചു മാത്യു എന്നിവരാണ് പിടിയിലായത്.
മിഥിന് കിഴക്കേക്കോട്ടയില്‍ അലങ്കാര മത്സ്യക്കടയുടെ മറവില്‍ ടെലഗ്രാം എന്ന ആപ്പിലൂടെയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഓണ്‍ലൈനായി മരുന്ന് വരുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ വില്പന നടത്തുകയുമായിരുന്നു.
കസ്റ്റമറില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചാലുടന്‍ മിഥിന് നിമിഷങ്ങള്‍ക്കകം മയക്കുമരുന്ന് എത്തിച്ചു കൊടുക്കും.ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 1250 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ആവശ്യക്കാരന് എന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. മിഥിനില്‍ നിന്നും മുക്കാല്‍ കിലോ ഹാഷിഷ് ഓയിലും 1.5 ഗ്രാം എംഡിഎംഎയും 2.60 ഗ്രാം അംഫെറ്റമിനും പിടികൂടി.
ഇതിനു പുറമെ മിഥിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശി ചിഞ്ചു മാത്യുവും പിടിയിലായി. എറണാകുളത്ത് താമസിച്ചിരുന്ന ഇയാള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് ട്രെയിനിലെത്തിയാണ് മയക്കുമരുന്ന് കൈമാറിയിരുന്നത്. തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്ന് ഇയാളെ പിടികൂടിയപ്പോള്‍ ചിഞ്ചുവിന്റെ കൈവശം ഒന്നരക്കിലോ ഹാഷിഷ് ഓയില്‍ ഉണ്ടായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും കൊറിയറിലൂടെയാണ് ഇയാള്‍ മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ചിരുന്നത്.
Discussion about this post