പാലക്കാട്: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലങ്ങളിലും യുഡിഎഫ് ആണ് വിജയക്കൊടി പാറിച്ചത്. ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. ഈ അവസരത്തിലാണ് തെരഞ്ഞെടുപ്പ് തോല്‍വിക്കിടയില്‍ കുടുംബത്തോടൊപ്പം സിനിമ കാണാന്‍ എംബി രാജേഷ് എത്തിയത്. ഷെയ്ന് നിഗം നായകനായി എത്തിയ ‘ഇഷ്ക്’ കാണാനാണ് രാജേഷും കുടുംബവും എത്തിയത്. ‘ഇഷ്ക്’ വളരെ നല്ല സിനിമയാണെന്നും ഒത്തിരി ഇഷ്ടമായെന്നും രാജേഷ് പറഞ്ഞു.
സെക്കന്റ് ഷോയ്ക്കാണ് കുടുംബത്തോടൊപ്പം രാജേഷ് കാണാനെത്തിയത്. സിനിമ തനിക്കും മക്കള്‍ക്കും ഏറെ ഇഷ്ടമായി. കുടുംബത്തോടൊപ്പമല്ലേ രാഷ്ട്രീയമൊക്കെ നമുക്ക് പിന്നെ ചര്‍ച്ച ചെയ്യാമെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് രാജേഷ് പ്രതികരിച്ചത്. തോല്‍വി മറക്കാനാണോ തീയ്യേറ്ററിലെത്തിയതെന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ജയവും തോല്‍വിയും സാധാരണമാണെന്നും രാജേഷ് പറഞ്ഞു.
30 വര്‍ഷത്തെ രാഷ്ട്രീയാനുഭവമുള്ള താന്‍ എംപിയായത് പത്ത് വര്‍ഷം മാത്രമാണ്. അതിനാല്‍ തോല്‍വിയെ ആ വിധത്തില്‍ തന്നെ കാണാനാകുമെന്നും എംബി രാജേഷ് പറഞ്ഞു. കേരളത്തില്‍ സിപിഎം മികച്ച വിജയം ഏറ്റവും ഉറപ്പിച്ച ഒരു മണ്ഡലമായിരുന്നു പാലക്കാട്.
Discussion about this post