ആലപ്പുഴ: സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റിലും ഇടതിന്റെ അഭിമാനമായി ആലപ്പുഴയില്‍ എഎം ആരിഫ്. സുരേഷ് കുറുപ്പിനും എം രാമണ്ണറായിയും എ വിജയരാഘവനും പിന്‍ഗാമിയായി ഇടതിന്റെ ഒറ്റയാനായി മാറിയിരിക്കുകയാണ് എഎം ആരിഫ്.
ആരിഫിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന് കീഴടങ്ങിയത്. ന്യൂനപക്ഷ സമുദായക്കാരനായ ആരിഫിനെതിരെ അതേ സമുദായത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും യുഡിഎഫ് തരംഗവും ഷാനിമോള്‍ ഉസ്മാന് തുണയായില്ല.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഫലങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ പല ഘട്ടങ്ങളിലും ഷാനിമോള്‍ ഉസ്മാന് ലീഡ് ചെയ്തു. ഒരു തവണ 2000ലേറെ ലീഡ് നേടുകയും ചെയ്തു. 11 മണിക്ക് ശേഷമാണ് ആരിഫ് ലീഡുയര്‍ത്താന്‍ തുടങ്ങിയത്. വളരെ പതുക്കെയാണ് ലീഡ് ഉയര്‍ന്നത്. ഒടുവില്‍ 95.87 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 426863 വോട്ടുകള്‍ നേടി 9069 വോട്ടുകളുടെ ലീഡാണ് ആരിഫ് നേടിയത്.
യുഡിഎഫ് തരംഗത്തില്‍ മുമ്പും സംസ്ഥാനത്ത് ഒരു സിപിഎം സ്ഥാനാര്‍ത്ഥി മാത്രം വിജയിച്ചിട്ടുണ്ട്. 1984ല്‍ ഇന്ദിരാ ഗാന്ധി വധത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ഒറ്റ സീറ്റില്‍ മാത്രമാണ് കേരളത്തില്‍ വിജയിച്ചത്.
കോട്ടയം സീറ്റില്‍ നിന്ന് കന്നിക്കാരനായി മത്സരിച്ച സുരേഷ് കുറുപ്പാണ് യുഡിഎഫ് തരംഗം അതിജീവിച്ച് വിജയിച്ചത്. 1989ല്‍ കാസര്‍ഗോഡ് നിന്ന എം രാമണ്ണറായിയും പാലക്കാട് നിന്ന് എ വിജയരാഘവനും ഏക എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി വിജയിച്ചിട്ടുണ്ട്.
2006ലാണ് എഎം ആരിഫ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കന്നി തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ അട്ടിമറിച്ച് നിയമസഭയില്‍ എത്തി. 2011ലും 2016ലും ആരിഫ് മണ്ഡലം നിലനിര്‍ത്തി. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ആരിഫ് പൊതുപ്രവര്‍ത്തനത്തിലേക്ക് വരുന്നത്. 1964 മെയ് 24ന് ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ മജീദിന്റെയും സൈനബയുടെയും മകനായാണ് ആരിഫ് ജനിച്ചത്. പിതാവ് പോലീസ് ഉദ്യോഗസ്ഥനായിരുന്നതിനാല്‍ തന്നെ പലയിടങ്ങളിലായി മാറിമാറിയായിരുന്നു ആരിഫിന്റെ വിദ്യാഭ്യാസം.
ആലപ്പുഴ എസ്ഡി കോളജില്‍ നിന്ന് പ്രീഡിഗ്രിയും ചേര്‍ത്തല എസ്എന്‍ കോളജില്‍ നിന്ന് ബിഎസ്സി ബിരുദവും പാസായ ആരിഫ് കോളജ് യൂണിയന് ചെയര്‍മാനായും മാഗസിന് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എന്‍ കോളജ് വിദ്യാര്‍ത്ഥി ആയിരിക്കെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന് ആരിഫിന്റെ പിതാവിനെ ചേര്‍ത്തലയില്‍ നിന്ന് കൈനകരിക്ക് സ്ഥലം മാറ്റി. തുടര്‍ന്ന് ആരിഫിനെയും കുടുംബത്തെയും ക്വാര്‍ട്ടേഴ്സില്‍ നിന്നും എസ്പിയുടെ ഉത്തരവ് പ്രകാരം ഇറക്കിവിട്ടു.
തിരുവനന്തപുരം ലോ കോളജില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ആയിരിക്കെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. ജി സുധാകരന് പ്രസിഡന്റായിരുന്ന ജില്ലാ കൗണ്‍സിലില്‍ മുതിര്‍ന്ന നേതാക്കളായിരുന്ന എന്‍.പി തണ്ടാര്, അഡ്വ. ജനാര്‍ദ്ദന പ്രഭു, മുഹമ്മദാലി സാഹിബ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ തന്നെ കേരള സര്‍വകലാശാലയില്‍ സെനറ്റ് അംഗമായും ആരിഫ് പ്രവര്‍ത്തിച്ചു. 1986ല്‍ സിപിഎം അംഗമായ ആരിഫ് പാര്‍ട്ടിയുടെ ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി, ചേര്‍ത്തല ഏരിയ കമ്മറ്റി തുടങ്ങിയ ഘടകങ്ങളിലും പ്രവര്‍ത്തിച്ചു.
സിപിഎം. ജില്ലാ കമ്മിറ്റി അംഗമാണ്. നോണ്‍ ബാങ്കിങ് ഫിനാന്‍സ് ആന്‍ഡ് പ്രൈവറ്റ് ബാങ്ക് എംപ്ളോയിസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ അരൂക്കുറ്റി ഡിവിഷനില്‍ നിന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജില്‍ നിന്നു എല്‍എല്‍ബി. പാസായി. പാതിരപ്പള്ളി ഹോംകോ സൂപ്രണ്ട് ഡോ. ഷെഹനാസാണ് ഭാര്യ. മക്കള്‍: സല്മാന്, റിസ്വാന.
Discussion about this post