തിരുവനന്തപുരം: എറണാകുളത്ത് കടുത്ത പോരാട്ടമെന്ന് കരുതിയിരുന്നെങ്കിലും എല്‍ഡിഎഫിനെ ബഹുദൂരം പിന്നിലാക്കി ഹൈബി ഈഡന് വന്‍വിജയം. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എറണാകുളത്ത് ഹൈബിക്ക് ചെറിയ മാര്‍ജിനിലുള്ള വിജയമാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡിലാണ് എല്‍ഡിഎഫിന്റെ പി രാജീവിനേയും എന്‍ഡിഎയുടെ അല്‍ഫോണ്‍സ് കണ്ണന്താനത്തേയും അദ്ദേഹം പരാജയപ്പെടുത്തിയത്. 169153 വോട്ടിന്റെ ലീഡാണ് ഹൈബി സ്വന്തമാക്കിയത്.
ഹൈബി ഈഡന് 4,91263 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പി രാജീവിന് 322110 വോട്ടും കണ്ണന്താനത്തിന് 137749 വോട്ടുമാണ് ആകെ ലഭിച്ചത്. സിറ്റിങ് എംപിയായിരുന്ന കെവി തോമസിന് സീറ്റ് നിഷേധിച്ചതോടെ ഏറെ വിവാദത്തിലകപ്പെട്ട മണ്ഡലമായിരുന്നു എറണാകുളം. സിറ്റിങ് എംഎല്‍എയായ ഹൈബി ഈഡന് ലോക്‌സഭാ ടിക്കറ്റ് നല്‍കിയെങ്കിലും യുഡിഎഫ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്നണിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. രാജ്യസഭാ എംപിയായി കഴിവ് തെളിയിച്ചിട്ടുള്ള പി രാജീവിന്റെ എതിര്‍സ്ഥാനാര്‍ത്ഥിത്വവും ഹൈബിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ വോട്ടെടുപ്പിനോട് അടുപ്പിച്ച് നടത്തിയ മികച്ച പ്രചാരണ പരിപാടികളും കേരളത്തില്‍ ഒന്നടങ്കം അലയടിച്ച യുഡിഎഫ് തരംഗവും ഹൈബിയെ തുണയ്ക്കുകയായിരുന്നു.
അതേസമയം, കേരളത്തില്‍ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് വിജയം നേടി. ഒമ്പതിടങ്ങളില്‍ ഒരു ലക്ഷം വോട്ടിന്റെ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മറികടന്നു. കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, വയനാട്, തുടങ്ങിയ മണ്ഡലങ്ങളിലാണ് യുഡിഎഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി ഉറപ്പിച്ചത്. ഇതില്‍ വയനാട്ടില്‍ നാല് ലക്ഷവും മലപ്പുറത്ത് രണ്ടര ലക്ഷവും ഭൂരിപക്ഷം പിന്നിട്ടു.