വടകര: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് റിസള്‍ട്ട് പുറത്തു വന്നപ്പോള്‍ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലത്തിലും യുഡിഎഫ് ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഈ അവസരത്തിലാണ് വടകരയിലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ആര്‍എംപി നേതാവ് കെകെ രമ രംഗത്തെത്തിയിരിക്കുന്നത്.
കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ വോട്ടര്‍മാര്‍ക്ക് സ്നേഹാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നാണ് കെകെ രമ പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെകെ രമ പ്രതികരിച്ചത്.
കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകള്‍ക്ക് സ്നേഹാഭിവാദ്യങ്ങള്‍…
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് 70606 വോട്ടിന്റെ ലീഡില്‍ മുന്നിട്ട് നില്‍ക്കുകയാണ്. പി ജയരാജനെതിരെ അക്രമരാഷ്ട്രീയം എന്ന ആരോപണം ആയുധമാക്കിയാണ് കോണ്‍ഗ്രസും ആര്‍എംപിയും വടകരയില്‍ പ്രചാരണം നടത്തിയത്.