കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട നട്ടാശേരി സ്വദേശി കെവിന് പി ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോട്ടയം സെഷന്‍സ് കോടതി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെവിന് കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
ഇത് അംഗീകരിച്ച സെഷന്‍സ് കോടതി ആറ് മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു. പ്രോസിക്യൂഷന് വാദം പ്രതിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. 2018 മെയ് മാസത്തിലാണ് കെവിനെ മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ നീനു ചാക്കോയെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം ചാലിയക്കര ആറില്‍നിന്നായിരുന്നു കണ്ടെടുത്തത്.
കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്നും കെവിന്റെ സാമ്പത്തികനില അവര്‍ക്കു പ്രശ്നമായിരുന്നുവെന്നും തന്നെ വെട്ടുമെന്നു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കെവിന്റെ ഭാര്യ നീനു ആരോപിച്ചിരുന്നു.
Discussion about this post