തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബിജെപി ഒറ്റയ്ക്ക് നേട്ടം കൊയ്തപ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും രാഹുലിന്റെ കേരളത്തിലേക്കുള്ള വരവും യുഡിഎഫിനെ തുണച്ചെന്നാണ് സൂചന. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ 18ഓളം സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. ഇടയ്ക്കിടയ്ക്ക് 20 സീറ്റിലും ലീഡ് ചെയ്ത് അമ്പരപ്പിക്കാനും യുഡിഎഫിനായി. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ലീഡ് ആദ്യ 2 മണിക്കൂറില്‍ 20,000 കഴിഞ്ഞു.
മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് വിജയമുറപ്പിച്ചിരുന്ന കാസര്‍കോട്ടും ആലത്തൂരും യുഡിഎഫിനു വലിയ മുന്നേറ്റം സാധ്യമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ആദ്യ മണിക്കൂറുകളില്‍ തന്നെ ഒരു ലക്ഷത്തിലേക്ക് എത്തി. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ വിജയത്തിലേക്കാണു യുഡിഎഫ് അടുക്കുന്നതെന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ആലത്തൂരില്‍ രമ്യ ഹരിദാസ് ശക്തമായ ലീഡ് സ്വന്തമാക്കി എല്‍ഡിഎഫിനെ ഞെട്ടിച്ചു. ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ എല്‍ഡിഎഫിനു തിരിച്ചടിയായെന്നാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല്‍.
Discussion about this post