തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ വോട്ടെണ്ണല്‍ 29 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളില്‍ കേരളത്തില്‍ നടക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഴുതടച്ച ത്രിതല സുരക്ഷ സംവിധാനം ആണ് ഒരുക്കുന്നത്. ഇത്തവണ വോട്ടെണ്ണി അന്തിമഫലം പ്രഖ്യാപിക്കാന്‍ ഒന്‍പതു മുതല്‍ പത്തു മണിക്കൂര്‍വരെ വേണ്ടിവരുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 23ന് രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും. വൈകീട്ട് ആറ് മണിയോടെ ആയിരിക്കും അന്തിമ ഫലം ലഭിക്കുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ മൂന്നു തലങ്ങളായി തിരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ ലോക്കല്‍ പൊലീസിനാണ് സുരക്ഷാ ചുമതല.
അതിനുള്ളില്‍ സംസ്ഥാന സായുധസേനയ്ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ കവാടം മുതല്‍ സിആര്പിഎഫിനുമായിരിക്കും സുരക്ഷാ ചുമതല. ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകളായിരിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒന്നോ, രണ്ടോ മുറികള്‍ സജ്ജീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാല് മേശകളാണ് നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ ടേബിളുകളുടെ എണ്ണം കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൊത്തം ലഭിച്ച പോസ്റ്റല്‍ ബാലറ്റുകളെക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ മാര്‍ജിനെങ്കില്‍ ബാലറ്റുകള്‍ വീണ്ടും എണ്ണും. പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ സുവിധയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷമേ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങൂ.ഏതാണ്ട് എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങാന്‍ ആകും.
ഒരു റൗണ്ടിലെ എല്ലാ ഇവിഎമ്മുകളും എണ്ണി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആ റൗണ്ടിലെ ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ട് എണ്ണിത്തുടങ്ങൂ. വോട്ടിങ്ങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമേ വിവിപാറ്റുകളിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണിത്തുടങ്ങൂ. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുക. വോട്ടിംഗ് യന്ത്രത്തിലെയും വിവിപാറ്റ് സ്ലിപ്പുകളിലേയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മൂന്നുതവണവരെ എണ്ണും. എന്നിട്ടും വ്യത്യാസം ഉണ്ടെങ്കില്‍ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും അന്തിമമായി രേഖപ്പെടുത്തുക.
വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിന് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പ്രത്യേക ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അന്തിമഫലം തെരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
വോട്ട് എണ്ണല്‍ കേന്ദ്രങ്ങളില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ച തിരിച്ചറിയില്‍ കാര്‍ഡുള്ളവര്‍, ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, ഇലക്ഷന് ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 14 കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിക്കുമെന്നും കൂടുതല്‍ ടേബിളുകള്‍ ആവശ്യമെങ്കില്‍ കമ്മീഷന്റെ അനുമതിയോടെ സജ്ജീകരിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post