കൊച്ചി: ബിഹാറിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരള പോലീസിലെ അംഗങ്ങള്‍ക്ക് മടക്കയാത്ര നരകയാത്രയായി. ഇന്നലെ വൈകിട്ട് പാട്നയില്‍ നിന്നു തുടങ്ങിയ യാത്രയില്‍ ഇരിക്കാനോ നില്‍ക്കാനോ ഇടമില്ലാതെ വലയുകയാണ് പോലീസുകാര്‍. പാട്ന എറണാകുളം എക്സ്പ്രസില്‍ 114 പേര്‍ക്ക് ഇരിക്കാവുന്ന ജനറല്‍ കംപാര്‍ട്മെന്റില്‍ 200 പോലീസുകാരെയാണ് കുത്തിനിറച്ചിരിക്കുന്നത്. 3 ദിവസത്തെ യാത്രയാണ് ഇത്തരത്തില്‍ ഇവര്‍ക്ക് പൂര്‍ത്തിയാക്കാനുള്ളത്. സിആര്‍പിഎഫിനു കീഴിലാണ് കേരളത്തില്‍ നിന്നുള്ള കെപി-1, കെപി 5 ബറ്റാലിയനുകളെ ബിഹാറിലേക്ക് കൊണ്ടുപോയത്. കോട്ടയത്തു നിന്നുള്ളവരാണ് കെപി-5 ബറ്റാലിയന്. കെപി-1 ല്‍ എറണാകുളം കേന്ദ്രീകരിച്ചുള്ള പോലീസ് സേനയാണ്.
ബിഹാറിലെ മാവോയിസ്റ്റ് ഭീഷണിയേയും ബൂത്ത് പിടുത്ത സാധ്യതകളേയും തടയാന്‍ ജാഗരൂകരായി സദാസമയം കാവല്‍ നിന്നവരാണ് ഈ പോലീസുകാര്‍ ഓരോരുത്തരും. കടുത്ത ചൂടില്‍ തുടര്‍ച്ചയായ ജോലി കഴിഞ്ഞു ക്ഷീണിതരായി വരുന്ന പോലീസുകാര്‍ക്ക് നടുനിവര്‍ത്താന്‍ പോലുമാകുന്നില്ല. പോലീസുകാരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ് നല്‍കാനുള്ള മനസ് തെരഞ്ഞെടുപ്പ് കമ്മീഷനോ പട്ടാള നേതൃത്വമോ കാണിച്ചില്ലെന്നാണ് പോലീസുകാരുടെ പരിഭവം. ജനറല്‍ കംപാര്‍ട്മെന്റായതിനാല്‍ ടിക്കറ്റെടുത്ത സാധാരണ യാത്രക്കാരും ഇടിച്ചുകയറുന്നുണ്ട്.
ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു ശേഷം കേരളത്തിലെ തെരഞ്ഞെടുപ്പ് ജോലികളും ചെയ്തവരാണ് വിശ്രമമില്ലാതെ ബിഹാറിലേക്ക് പോയത്. ഇവര്‍ ഏപ്രില്‍ 26 ന് തൃശൂരില്‍ നിന്നാണ് യാത്ര തിരിച്ചത്. 4 ദിവസം പല സ്ഥലങ്ങളിലൂടെ കറങ്ങിയാണ് ഏപ്രില്‍ 30ന് ബിഹാറില്‍ എത്തിച്ചത്. അന്നും ഇവര്‍ക്ക് ജനറല്‍ കംപാര്‍ട്മെന്റാണ് നല്‍കിയിരുന്നത്. തിരിച്ചുവരുമ്പോഴെങ്കിലും വിശ്രമിക്കാന്‍ സ്ലീപ്പര്‍ കോച്ച് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും തെരഞ്ഞെടുപ്പ് കമ്മീഷനും സിആര്‍പിഎഫും തള്ളുകയായിരുന്നു. 25ന് രാവിലെയാണ് പോലീസ് സംഘം നാട്ടിലെത്തുക.
Discussion about this post