തിരുവനന്തപുരം: കേരളത്തില്‍ നിരവധി പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളെ തരണം ചെയ്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന് ഇത്തവണ വ്യക്തമായ മേല്‍ക്കൈ പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഏറ്റവും വിശ്വസനീയമായ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിടുന്ന സിഎന്‍എന്‍ ന്യൂസ്18 ന്റേയും കൈരളി-സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീ(സിഇഎസ്)സിന്റേയുമാണ് ഈ രണ്ട് സര്‍വേ പ്രവചനങ്ങളും. ശബരിമല വിഷയം മുഖ്യതെരഞ്ഞെടുപ്പ് വിഷയമായെങ്കിലും കേരളത്തില്‍ ഇടതുപക്ഷത്തിന് 11 മുതല്‍ 13 സീറ്റ് വരെ ലഭിക്കുമെന്നാണ് സിഎന്‍എന്‍ ന്യൂസ് 18 എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നത്. യുഡിഎഫ് 7 മുതല്‍ 9 സീറ്റ് നേടുമെന്നും എന്‍ഡിഎ പൂജ്യം മുതല്‍ 1 സീറ്റ് വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറ്റവും വിശ്വസനീയമായ സര്‍വേയാണ് സിഎന്‍എന്‍ ന്യൂസ്18 ന്റേത് എന്നാണ് വിലയിരുത്തല്‍. ഇത് ശരിവെയ്ക്കുകയാണെങ്കില്‍ കേരളത്തില്‍ ഇത്തവണ ചെങ്കൊടി പാറുമെന്ന് ഉറപ്പാണ്. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നിട്ടുണ്ടെന്നും സിഎന്‍എന്‍ പ്രവചിക്കുന്നു.
അതേസമയം, കൈരളി-സിഇഎസ് തെരഞ്ഞെടുപ്പ് സര്‍വേഫലം എല്‍ഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നതെങ്കിലും മേല്‍ക്കെ ഇടതുപക്ഷത്തിനായിരിക്കും എന്നാണ് ഫലങ്ങളില്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും 8 മുതല്‍ 12 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ഈ സര്‍വ്വേ പ്രവചിക്കുന്നു. കേരളത്തില്‍ ഇത്തവണ നടന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സര്‍വേ കൂടിയാണ് കൈരളി ന്യൂസ്- സിഇഎസ് സര്‍വേ. അതിനാല്‍ കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ നല്‍കാനും ഈ സര്‍വേയ്ക്കായിട്ടുണ്ട്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും എന്‍ഡിഎ എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.
എറണാകുളം, മാവേലിക്കര എന്നീ യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അര ഡസനോളം മണ്ഡലങ്ങളില്‍ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലുളള ഇഞ്ചാടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വ്വേ പറയുന്നു. യുഡിഎഫ് 40.8% മുതല്‍ 43.2% വരെ വോട്ടു നേടുമെന്നും എല്‍ഡിഎഫിന്റെ വോട്ടോഹരി 40.3% മുതല്‍ 42.7% വരെയാകാമെന്നും എന്‍ഡിഎയുടെ വോട്ട് സാധ്യത 13.5% മുതല്‍ 15.9% വരെയാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
കാസര്‍ഗോഡ്, കണ്ണൂര്‍ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം വടകര, കോഴിക്കോട്, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കാനാണ് സാധ്യതയെന്നാണ് സര്‍വേ വിലയിരുത്തല്‍. അതസേമയം രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്, ലീഗ് കോട്ടയായ മലപ്പുറം എന്നിവിടങ്ങളില്‍ യുഡിഎഫ് ആധിപത്യം തുടരും.
തിരുവനന്തപുരം, പത്തനംതിട്ടയിലും ശക്തമായ മത്സരമാണ് നടക്കുന്നതെങ്കിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വ്വേ വിലയിരുത്തുന്നു. തിരുവനന്തപുരത്ത് ശശി തരൂരിനും പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനുമാണ് സര്‍വ്വേ നേരിയ മുന്‍തൂക്കം പ്രവചിക്കുന്നത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളിലാണ് സര്‍വേ നടന്നത്. 480 ബുത്തുകളിലെ 12,000 വോട്ടര്‍മാര്‍ സര്‍വേയില്‍ പങ്കെടുത്തു. ഇടതുപക്ഷത്തിന് മികച്ച വിജയം സര്‍വേകള്‍ പ്രവചിച്ചതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും ഏറെ ആവേശത്തിലാണ്. ഒപ്പം യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടലിനും സര്‍വേ കാരണമായിട്ടുണ്ട്.
അതേസമയം, മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലവും മാതൃഭൂമി-ജിയോ വൈഡ് എക്‌സിറ്റ് പോള്‍ ഫലവും യുഡിഎഫിന്റെ മേല്‍ക്കൈയാണ് കേരളത്തില്‍ പ്രവചിച്ചിരിക്കുന്നത്. 13-15 സീറ്റ് വരെ യുഡിഎഫ് നേടുമെന്നും എല്‍ഡിഎഫ് 2 മുതല്‍ 4 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും എന്‍ഡിഎ ഒരു സീറ്റു നേടുമെന്നും ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.