കോട്ടയം: പുതിയ അധ്യനവര്‍ഷം തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്. ഓപ്പറേഷന്‍ റെയിന്‍ബോ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുമായാണ് പോലീസ് എത്തുന്നത്.
രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഡ്രൈവര്‍മാരുടെ കാഴ്ചശക്തി, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ പരിശോധിക്കും.
രണ്ടാംഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം നിഷേധിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരേയുള്ള കര്‍ശന നടപടി സ്വീകരിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രിക്കും. സ്‌കൂള്‍ വാഹനങ്ങളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുപോകുന്നത് കര്‍ശനമായി നിയന്ത്രിക്കും.
മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്ന സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കും. മോട്ടോര്‍വാഹന നിയമനടപടികള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പുകള്‍ കൂടി ചേര്‍ത്താവും നടപടികള്‍.
Discussion about this post