തൃശ്ശൂരില്‍ മഞ്ഞപ്പിത്തം പടരുന്നു, ജാഗ്രത; ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് ജലം ശേഖരിക്കുന്നു

നൂറിലധികം പേര്‍ക്കാണ് ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജലം ശേഖരിച്ചു തുടങ്ങി. നൂറിലധികം പേര്‍ക്കാണ് ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. പൂങ്കുന്നം, കണ്ണന്‍കുളങ്ങര എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം കണ്ണന്‍കുളങ്ങരയിലെ ഫ്‌ളാറ്റില്‍ നിന്ന് ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.

തിരുവമ്പാടി ക്ഷേത്രപരിസരത്തും മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌. തൃശ്ശൂര്‍ നഗരസഭാ പരിധിയിലെ കടകളില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചവരിലും ഒല്ലൂരിലെ വിവാഹ സല്‍ക്കാരച്ചടങ്ങില്‍ ശീതളപാനീയം കുടിച്ചവര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് ഡിഎംഒ ഡോ.കെജെ റീന അറിയിച്ചു. ഇവിടെയുള്ള വെള്ളവും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഇതിന്റെ റിസള്‍ട്ട് വന്നാല്‍ മാത്രമേ രോഗം പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുളളുവെന്നും ഡിഎംഒ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിവതും എല്ലാവരും തിളപ്പിച്ച വെള്ളം മാത്രം കുടിക്കണമെന്നും ഡിഎംഒ പറഞ്ഞു.

Exit mobile version