ഒല്ലൂര്‍: അയല്‍വാസിയുടെ ആറ് വയസുള്ള മകളെയും കൂട്ടി ബാറിലെത്തിയ മദ്യപനെ പിടികൂടി പോലീസ്. തൃശ്ശൂരിലെ ഒല്ലൂരിലാണ് സംഭവം. ഇതര സംസ്ഥാന തെഴിലാളിയാണ് പെണ്‍കുട്ടിയെയും കൂട്ടി ബാറിലെത്തിയത്. ഇന്നലെ രാത്രി 9.30 യോടെയാണ് പോലീസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
കുട്ടിയെ കണ്ട ഉടനെ ബാര്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നില്‍ നില്ക്കുന്ന പെണ്‍കുട്ടിയെ ആണ് കണ്ടത്. അയല്‍വാസിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ കൂടെയാണ് വന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം ഈ സമയത്ത് ഇതര സംസ്ഥാന തൊഴിലാളി ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടി പറഞ്ഞ വിവരമനുസരിച്ച് പോലീസ് ഇവരുടെ വീട്ടിലെത്തുകയും അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബാറിന്റെ ഗേറ്റിനു മുന്പില് കുട്ടിയെ നിര്‍ത്തിയ ശേഷമാണ് താന്‍ മദ്യപിക്കാന്‍ കയറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മദ്യപിച്ച് പുറത്തെത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്. നാട്ടുകാര്‍ മര്‍ദ്ദിക്കുമെന്ന ഭയത്തിലാണ് താന്‍ താമസസ്ഥലത്തേക്ക് തിരികെ പോയതെന്ന് യുവാവ് പറയുന്നു.
Discussion about this post