മൂന്നാറില്‍ പട്ടാപ്പകല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമം പാളി; കൈയ്യേറ്റക്കാര്‍ സബ് കളക്ടര്‍ രേണു രാജിനെ കണ്ട് പേടിച്ചോടി

കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണുക രാജ് വ്യക്തമാക്കി.

മൂന്നാര്‍: മൂന്നാറില്‍ പട്ടാപകല്‍ സര്‍ക്കാര്‍ സ്ഥലം കൈയ്യേറാന്‍ എത്തിയവര്‍ കളക്ടറെ കണ്ട് പേടിച്ചോടി. കാടുവെട്ടിത്തെളിച്ചുളള കൈയ്യേറ്റമറിഞ്ഞെത്തിയ റവന്യൂ സംഘത്തെ കണ്ടാണ് കൈയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെട്ടത്. അതേസമയം, കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണു രാജ് വ്യക്തമാക്കി.

പഴയ മൂന്നാറില്‍ റോഡിനോട് ചേര്‍ന്നുള്ള കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഞായറാഴ്ച പത്തു പേര്‍ വരുന്ന സംഘം പട്ടാപകല്‍ കൈയ്യേറി തുടങ്ങിയത്. കാടു വെട്ടിതെളിച്ച് ഭൂമി കൈയ്യേറുന്നതായുള്ള വിവരം കിട്ടിയ ഉടനെ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. റവന്യൂ സംഘത്തെ കണ്ടതും കൈയ്യേറ്റ ജോലികളില്‍ മുഴുകിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

മൂന്നാര്‍ മേഖലയിലെങ്ങും ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഇവയില്‍ പലതും നിയമക്കുരുക്കിലും തര്‍ക്കങ്ങളിലും പെട്ട് കിടക്കുന്നതാണ്. ഈ സാഹചര്യം മുതലെടുത്ത് ഭൂമാഫിയയാണ് പട്ടാപകല്‍ സര്‍ക്കാര്‍ സ്ഥലം കൈയ്യേറുന്നതാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കൈയ്യേറ്റ മാഫിയക്ക് മുന്നണി ഭേദമന്യേ പിന്തുണയുളളതായും ആരോപണമുണ്ട്.

Exit mobile version