തിരുവനന്തപുരം: ഒന്നേകാല്‍ വര്‍ഷത്തോളമായി ഉത്തരക്കടലാസുകള്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് പിഎസ്‌സി ഓഫീസില്‍ കിടന്ന് ചിതലരിച്ച് പോയ സംഭവത്തിന് പിന്നാലെ നടപടി. ഈ പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനം. 2 തസ്തികകളിലേക്കു വീണ്ടും പരീക്ഷ നടത്താനാണ് പിഎസ്സി യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ (ഡൊമസ്റ്റിക് നഴ്‌സിങ്) തസ്തികകളിലേക്കാണു പുനഃപരീക്ഷ.
ഇതോടൊപ്പം, വിവിധ വകുപ്പുകളിലായി 29 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാനും പിഎസ്സി യോഗം തീരുമാനിച്ചു. വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഉറുദു (എല്‍സി/എഐ, എസ്‌ഐയുസി നാടാര്‍) തസ്തികയിലേക്ക് 2 തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാര്‍ഥികളെ ലഭിക്കാത്തതിനാല്‍ ഒഴിവു മാതൃ റാങ്ക് പട്ടികയിലെ മറ്റു സംവരണ വിഭാഗത്തിനു നല്‍കാന്‍ തീരുമാനിച്ചു.