നെയ്യാറ്റിന്‍കര: പ്ലസ്ടു വരെ പഠിച്ചയാള്‍ അഭിഭാഷകനായി കോടതിയില്‍ പ്രാക്ടീസ് ചെയ്തത് ഒന്നും രണ്ടും ദിവസമല്ല, അഞ്ച് വര്‍ഷമാണ്..! വ്യാജരേഖകള്‍ ചമച്ചാണ് ഇയാള്‍ അഭിഭാഷകനായി വിലസി നടന്നത്. സംഭവത്തില്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒറ്റശേഖരമംഗലം വാളികോട് തലക്കോണം തലനിന്നപുത്തന്‍വീട്ടില്‍ എംജെ വിനോദി(31) നെയാണ് നെയ്യാറ്റിന്‍കര കോടതി ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്.
വിനോദിന്റെ ബന്ധുവും ട്യൂഷന്‍ അധ്യാപികയുമായിരുന്ന പ്രീതിമോള്‍ 2017-ല്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പരാതി നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ഇയാളുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പുറത്ത് വന്നത്. ശേഷമാണ് പ്രതിയെ നാടകീയമായി പിടികൂടിയത്. 15-ാം തീയതിയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ പിടികൂടിയത്. ബിഹാറിലെ ചപ്രയിലെ ഗംഗാസിങ് ലോ കോളേജ്, ചപ്ര ജയപ്രകാശ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും പഠിച്ചതായുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. ശേഷം ഇയാള്‍ ബാര്‍ കൗണ്‍സിലില്‍ അംഗമാവുകയും ചെയ്തശേഷം വഞ്ചിയൂര്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ കോടതികളില്‍ പ്രാക്ടീസും ചെയ്തു.
പരാതി സംബന്ധിച്ച് പലഘട്ടത്തിലായി നെയ്യാറ്റിന്‍കര സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന എസ്‌ഐമാര്‍ അന്വേഷിച്ചു. ഓരോരുത്തരും ഈ കേസ് അന്വേഷിക്കുമ്പോള്‍ അവര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും കേന്ദ്ര പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയിലും ഇയാള്‍ കേസ് കൊടുക്കും. ഇതോടെ ഇയാളെ പേടിച്ച് പലപ്പോഴും കേസ് അന്വേഷണം പാതിവഴിയില്‍ വെച്ച് ഉപേക്ഷിക്കേണ്ടതായി വന്നു. അതിനിടയിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിലെത്തിയത്.
ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തില്‍ ബിഹാറിലെ ലോ കോളേജിലും ജയപ്രകാശ് സര്‍വകലാശാലയിലും എത്തി അന്വേഷണം നടത്തി. അങ്ങനെയാണ് സര്‍ട്ടിഫിക്കറ്റെല്ലാം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് . നേരത്തെ മൈസൂരുവിലെയും ബംഗളൂരുവിലെയും നഴ്സിങ് കോളേജുകളിലെ അഡ്മിഷന്‍ ഏജന്റായിരുന്നു ഇയാള്‍. ഈ കാലയളവില്‍ പരിചയപ്പെട്ട അഭിഷേക് സിങ്ങില്‍ നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. പ്രതിയെ പിടികൂടുമ്പോള്‍ ഇരുപതോളം വക്കാലത്തുകള്‍ കൈവശമുണ്ടായിരുന്നു.
പ്രതി ഒന്നരവര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ പ്രശസ്തമായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു. പ്രതിക്കെതിരേ പോലീസ് കേസ് ശക്തമാക്കിയപ്പോള്‍ രണ്ട് പ്രാവശ്യം അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് സമരം നടത്തിയിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി ഡി അശോകന്‍ അറിയിച്ചു. ഇയാള്‍ അറസ്റ്റിലായതോടെ ചില കാര്യങ്ങളില്‍ ആശക്കുഴപ്പം തുടരുകയാണ്. പ്രതി വാദിച്ച് ജയിച്ച കേസുകളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. ഈ കേസുകളെക്കുറിച്ച് ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. പ്രതി വാദിച്ച് ജയിച്ചവയില്‍ സിവിലും ക്രിമിനല്‍ കേസുകളുമുണ്ട്. ഇതാണ് ആശക്കുഴപ്പത്തിന് വഴിവെച്ചിരിക്കുന്നത്.
Discussion about this post