കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഇനി രണ്ട് നാള് കൂടി മാത്രം ബാക്കി. രാജ്യം മുഴുവനും ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി കാതോര്‍ത്ത് ഇരിക്കുകയാണ്. ഇപ്പോള്‍ ഫലം വരുന്നതിനു മുന്‍പേ ആഗ്രഹം സഫലമാക്കുന്ന ക്ഷേത്രത്തില്‍ വേണ്ട വഴിപാടുകള്‍ നടത്തുന്ന തിരക്കിലാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖന്. കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിനു പിന്നാലെ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
പല എക്സിറ്റ് പോളുകളിലും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ സാഹചര്യത്തില്‍ കുമ്മനം രാജശേഖരന് പ്രതീക്ഷയും ഏറുകയാണ്. സംഭവത്തില്‍ ആത്മവിശ്വാസവും നേതാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കൊല്ലത്തെ പ്രശസ്തമായ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.
ആഗ്രഹസഫലീകരണത്തിനായുള്ള ചടങ്ങുകളും നിര്‍വ്വഹിച്ചു. ക്ഷേത്രത്തിലെ പേരാലിന് ചുറ്റും ഏഴു വട്ടം വലം വച്ച് മണികെട്ടിയാല്‍ ആഗ്രഹം സഫലമാകുമെന്നാണ് ഈ ക്ഷേത്രത്തിലെ വിശ്വാസം. ഈ ചടങ്ങാണ് കുമ്മനം നിര്‍വ്വഹിച്ചത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കൊല്ലം ജില്ലയിലെ കാട്ടില്‍ മേക്കതില്‍ ക്ഷേത്രം സവിശേഷതകളുള്ള ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ് ഈ തീരദേശത്തു എത്തുന്നത്. കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് എന്ന കേരള സര്‍ക്കാര്‍ സ്ഥാപനം തദ്ദേശ വാസികളായ 800 ഇല് പരം കുടുംബങ്ങളെ ഇവിടെ നിന്നും കുടി ഒഴിപ്പിച്ചു. സ്ഥലം മുഴുവന്‍ ഏറ്റെടുത്തിട്ട് 13 വര്‍ഷം കഴിഞ്ഞു.
ഇപ്പോഴും അവരെ പുനരധിവസിപ്പിച്ചിട്ടില്ല. കരിമണല്‍ ഖനനം ചെയ്ത ശേഷം മണ്ണിട്ടുനികത്തി വീണ്ടും ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. ക്ഷേത്രം മാത്രമേ തീരദേശത്തുള്ളു.ആര്‍ത്തിരമ്പുന്ന തിരമാലകള്‍ ഏതുനിമിഷവും ക്ഷേത്രത്തെ വിഴുങ്ങുമെന്നു ഭക്തജനങ്ങള്‍ ഭയപ്പെടുന്നു. പുലിമുട്ടും ശക്തമായ കല്‍ഭിത്തിയും പണിതു ക്ഷേത്രത്തെ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെഎംആര്‍എല്‍ ഇന്റെ നിഷേധാത്മക നയത്തിനെതിരെ ജനരോഷം ആളിക്കത്തുന്നുണ്ട്. പൊന്മന പ്രദേശത്തിന്റെ നിലനില്‍പ്പ് അപകടത്തിലായ സാഹചര്യത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.
Discussion about this post