പുത്തന്‍ചിറ: പന്നിവളര്‍ത്തല്‍ കേന്ദ്രത്തിന് പഞ്ചായത്തിന്റെ നോട്ടീസ്. ആരോഗ്യ ഭീഷണി ഉയര്‍ത്തിയ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെയാണ് പഞ്ചായത്ത് നോട്ടീസ് അയച്ചത്.
പേന്‍തുരുത്ത് തോടിനു സമീപത്തുള്ള ഫാമില്‍ നിന്ന് മാലിന്യം തോടുകളിലേക്ക് ഒഴുക്കിവിടുന്നതായും ഇതിനോടകം വെള്ളത്തില്‍ പുഴുക്കള്‍ നിറഞ്ഞതും പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പുത്തന്‍ചിറ ഒറവന്തുരുത്തി വീട്ടില്‍ സജീവന് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്കി.
ഇത് മഴക്കാലം എത്തുമ്പോഴേക്കും പുഴയിലേക്ക് അടിഞ്ഞു കൂടുമെന്നും ഇത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ആര്‍ഡിഒയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാള സിഐയും സംഘവും അന്വേഷണം നടത്തി മേല്‍നടപടികള്‍ക്കായി പഞ്ചായത്തിനെ വിവരമറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍,പഞ്ചായത്ത് പ്രസിഡന്റ് വിഎ നദീര്‍, എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഫാമിനോട് ചേര്‍ന്ന് മാലിന്യസംസ്കരണ സംവിധാനം സ്ഥാപിച്ചിട്ടില്ലെന്നും പഞ്ചായത്തിന്റെ അനുമതിയോടെയല്ല പ്രവര്‍ത്തനം നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഒപ്പം അനുമതിയില്ലാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും കണ്ടതിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു.
Discussion about this post