തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി പതിനെട്ടാം പടി ഇരുമുടിക്കെട്ടില്ലാതെ കയറിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നത്.ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ വേണ്ടിയല്ല അവരുടെ പ്രവര്‍ത്തനം. ഇതാണ് സംഘപരിവാര്‍ നേതാക്കള്‍ ഇരുമുടിക്കെട്ടില്ലാതെ 18-ാം പടികയറി ആചാരം ലഘിച്ചതില് നിന്നും മനസിലാക്കാന്‍ സാധിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയായ ശേഷം ശബരിമലയില്‍ പോയിട്ടുണ്ട്. ആചാരം പാലിച്ചാണ് താന്‍ പോയത്. പതിനെട്ടാം പടി ചവിട്ടാതെയാണ് താന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. സംഘപരിവാര്‍ നേതാക്കള്‍ ശബരിമലയില്‍ ആചാര ലംഘനം നടത്തി. ഇപ്പോള്‍ എവിടെ പോയി അവര്‍ പറയുന്ന ആചാരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാരലംഘനമെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് ചൂണ്ടികാട്ടിയിരുന്നു. ആചാരപ്രകാരം തന്ത്രിക്കും പന്തളം രാജകുടുംബാഗങ്ങള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ എന്നുമാണ് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതിഷേധങ്ങള്‍ ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരി 18-ാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെ 18-ാം പടിയില്‍ കയറി. ഇതോടെ ശബരിമലയില്‍ ആചാരലംഘനം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരി ഇരുമുടി കെട്ടില്ലാതെ 18-ാം പടി കയറി സംഭവത്തിലാണ് സന്നിധാനത്ത് ആചാരംലംഘനം നടന്നതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. 18-ാം പടിയില്‍ തിരിഞ്ഞു നിന്നതും ആചാരലംഘനമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡംഗം കെപി ശങ്കരദാസ് അറിയിച്ചിരുന്നു. ശങ്കരദാസും ഇരുമുടി കെട്ടില്ലാതെ 18-ാം പടിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Discussion about this post