കൊച്ചി: സംസ്ഥാനത്ത് ‘ഓണ്‍ലൈന്‍ ഡേറ്റ എന്‍ട്രി’ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടക്കുന്നതായി പരാതി. കനേഡിയന്‍ കമ്പനിയുടെ മറവിലാണ് കേരളത്തില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നത്. റിക്രൂട്ടര്‍മാരായി ബന്ധപ്പെട്ടവരെല്ലാം മലയാളി യുവതികളാണ്. ‘സിഐടിഎസ്’ എന്ന കമ്പനിയുടെ ഡേറ്റ എന്‍ട്രി ജോലിക്കെന്ന് പറഞ്ഞാണ് ‘ക്വിക്കര്‍’ എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചത്. അപേക്ഷിച്ചവര്‍ക്കെല്ലാം ഇ-മെയിലില്‍ അറിയിപ്പും കിട്ടിയിരുന്നു.
ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെയും നല്‍കി. വാട്സ് ആപ്പ് വഴി ഒരു ലിങ്ക് അയച്ചു നല്‍കുകയും അതില്‍ നല്‍കിയിട്ടുള്ള എംപ്ലോയീസ് നമ്പര്‍ തിരിച്ച് അയച്ചു നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് 150 പേജുകളുള്ള ഒരു പിഡിഎഫ് ഫയല്‍ അയച്ചു നല്‍കിയത്. ഇത് കൃത്യതയോടെ വേര്‍ഡില്‍ ടൈപ്പ് ചെയ്ത് പറഞ്ഞ തീയതിക്കകം സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടു. മികച്ച ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നിലേറെ സോഫ്റ്റ്വേര്‍ കമ്പനികളില്‍ ജോലി വാഗ്ദാനവും നല്‍കി. അപേക്ഷകരില്‍ നിന്ന് ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും വാങ്ങി. ഏല്‍പ്പിച്ച ജോലികള്‍ തീര്‍ത്തുകിട്ടുന്നതിനായി റിക്രൂട്ടര്‍മാര്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.
മാര്‍ച്ച് 15-നകം തന്നെ എല്ലാവരും ജോലി തീര്‍ത്തുനല്‍കി. ഇവര്‍ക്ക് 758 കനേഡിയന്‍ ഡോളര്‍ (ഏതാണ്ട് 53,000 രൂപ) ഏപ്രില്‍ നാലിന് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചു. പണമിടപാടുകള്‍ നടത്തുന്നതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും നിര്‍ദേശിച്ചു. പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ 9,381 രൂപ ആദ്യശമ്പളത്തില്‍ നിന്ന് പിടിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനായുള്ള കരാര്‍ സര്‍ട്ടിഫിക്കറ്റും വാട്സ് ആപ്പില്‍ അയച്ചുനല്‍കി. ‘ക്ലയന്റ് കോഡ്’ ആക്ടീവാക്കുന്നതിനായി 486 രൂപ ഓരോരുത്തരില്‍ നിന്നും ഈടാക്കുകയും ചെയ്തു.
മാര്‍ച്ച് 20-ന് വീണ്ടും റിക്രൂട്ടര്‍മാര്‍ വിളിച്ചു. അക്കൗണ്ടുകള്‍ ഫ്രീസ് ആയിപ്പോയതിനാല്‍ പ്രോസസിങ് ചാര്‍ജ് ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തുക കമ്പനിയുടെ അക്കൗണ്ടില്‍ ഇട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. റിക്രൂട്ടര്‍മാര്‍ അയച്ചുകൊടുത്ത ഫോണ്‍ പേ, ഗൂഗിള്‍ പേ അക്കൗണ്ടുകളില്‍ 9,381 രൂപ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് പണം അക്കൗണ്ടില്‍ നിക്ഷേപിച്ചു. വേതനത്തുക ഏപ്രില്‍ നാലിന് വരാതായതോടെയാണ് റിക്രൂട്ടര്‍മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.
എന്നാല്‍, എല്ലാ നമ്പരുകളിലും നിലവിലില്ല എന്ന സന്ദേശമാണ് ലഭിച്ചത്. ഗൂഗിള്‍ കണ്‍സ്യൂമര്‍ കംപ്ലെയിന്റ് നല്‍കിയപ്പോള്‍ നിലവില്‍ ഇങ്ങനെയൊരു കമ്പനിയില്ല എന്നാണ് അറിഞ്ഞത്. അതേസമയം, ചതിക്കപ്പെട്ടവര്‍ അതത് ജില്ലാ പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.