തിരുവനന്തപുരം: പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നുമുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയപഠനമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം, ഇത് ജലവിഭവ വകുപ്പും ശരിവെച്ചതാണ്. ശാസ്ത്രലോകം തളളിയ റിപ്പോര്‍ട്ടുകള്‍ വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടുകളെന്നും ഇത് ശാസ്ത്രീയ പഠനമല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു.
പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. ഭാവിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജഡ്ജിമാരടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡാം മാനേജ്മെന്റ് അതോറിറ്റിക്ക് പാളിച്ച പറ്റിയോയെന്ന് പരിശോധിക്കണമെന്നും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നത് പ്രളയാഘാതം കൂട്ടിയെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Discussion about this post