കുറവിലങ്ങാട്: ചേറ്റുകുളത്ത് യുവാവ് കൊല്ലപ്പെട്ടതിനു പിന്നിലെ ചുരുളഴിഞ്ഞപ്പോള്‍ പോലീസുകാരും നാട്ടുകാരും അമ്പരന്നു. ചേറ്റുകുളം കിഴക്കേപ്പറമ്പില്‍ (വെള്ളാമ്പാട്ട്) ഗോപിയുടെ മകന് സജികുമാറി(40)നെ കൊലപ്പെടുത്തിയത് ഇരട്ടപ്പേരു വിളിച്ച് കളിയാക്കിയതിന്റെ പേരിലെന്നാണ് തെളിഞ്ഞിരിക്കുന്നത്. പ്രതി പയസ്മൗണ്ട് പൊട്ടക്കാനായില്‍ ധനൂപിനെ(33) പോലീസ് അറസ്റ്റ് ചെയ്തു. 2012ലെ മറ്റൊരു കുത്തുകേസിലും പ്രതിയായിരുന്നു ധനൂപ്. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കു ചേറ്റുകുളം ബ്രദേഴ്സ് ക്ലബ്ബില്‍ വെച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച ധനൂപിനെ സജി ഇരട്ടപ്പേരു വിളിച്ചു കളിയാക്കിയെന്നു പോലീസ് പറയുന്നു. മുന്‍പും കളിയാക്കിയിരുന്നു എന്നാണ് സൂചന.
ഇതിന്റെ പ്രതികാരത്തില്‍ ക്ലബ്ബില്‍ ഇരിക്കുകയായിരുന്ന സജിയെ വൈദ്യുതി ഇല്ലാത്ത സമയത്ത് പിന്നില്‍ നിന്നു കുത്തുകയായിരുന്നു. ഇതിനു തൊട്ടുമുന്‍പു സജിയും ധനൂപും തമ്മില്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. വാരിയെല്ലിനു കുത്തേറ്റ സജി പുറത്തേക്കോടി. ധനൂപും പിറകെ ഓടി. കുറെ ദൂരം ഓടിയ സജി വഴിയരികിലെ തോട്ടില്‍ വീണു. നാട്ടുകാര്‍ രാത്രി തന്നെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ഥലത്തു നിന്ന് ഓടിക്കളഞ്ഞ ധനൂപിനെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കിയാണു പോലീസ് പിടികൂടിയത്. പുല്ലു വെട്ടുന്ന യന്ത്രത്തിലെ കത്തി ഉപയോഗിച്ചാണ് ധനൂപ് കുത്തിയത്. ഈ കത്തിയും പോലീസ് കണ്ടെടുത്തു. സിനിയാണു സജിയുടെ ഭാര്യ. മകള്‍: തന്മയ.
Discussion about this post