ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. ബിപ്ലവ്ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നാപ്റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രതി ബിപ്ലവ്ഘോഷിന്റെ തട്ടിപ്പ്. ഇതേ തുടര്‍ന്ന് പതിനയ്യായിരം രൂപയാണ് ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ യുവതിയ്ക്ക് നഷ്ടമായത്.
യുവതിക്ക് അഞ്ചരലക്ഷം രൂപ സമ്മാനം അടിച്ചതായി ഫെബ്രുവരി പതിനാറിന് യുവതിയുടെ ഫോണിലേക്ക് സന്ദേശം അയച്ചു. സമ്മാനം ലഭിക്കണമെങ്കില്‍ 5600 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു. യുവതി തുക അടച്ചു കഴിഞ്ഞപ്പോള്‍ പതിനായിരം രൂപാ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഈ പണം അയക്കാന്‍ യുവതി ബാങ്ക് ശാഖയില്‍ ചെന്നപ്പോള്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ബാങ്ക് വിജിലന്‍സിനെ വിവരമറിയിച്ചു.
തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഫോണ്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എറണാകുളം റേഞ്ച് ഐ ജി വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. നിരവധി ആളുകളില്‍ നിന്നായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം 34 ലക്ഷം രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. മറ്റ് മൂന്ന് പേര്‍ കൂടി തട്ടിപ്പ് സംഘത്തില്‍ ഉണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
Discussion about this post