പൂനെയില്‍ പിറന്നു, പാകിസ്താനിയെ വിവാഹം കഴിച്ചു! ദുബായിയില്‍ അധ്യാപികയായി ജീവിതവും; ഒടുവില്‍ അന്ത്യവിശ്രമം അട്ടപ്പാടിയില്‍, സൈറയുടെ ജീവിതം ഇങ്ങനെ

മൂന്നു മക്കളില്‍ മുതിര്‍ന്നവന്‍ താജ് അലി ഉസ്ബക്കിസ്താനിലാണ്

അഗളി: പൂനെയില്‍ ജനനം, പാകിസ്താനിയെ വിവാഹം കഴിച്ചു, ദുബായിയില്‍ അധ്യാപികയായി ജീവിച്ച സൈറാ സെയ്ത് മുഹമ്മദിന്(81) ഒടുവില്‍ അട്ടപ്പാടിയില്‍ അന്ത്യ വിശ്രമം. 50 വര്‍ഷം മുന്‍പ് ഫുജൈറയില്‍ എത്തിയതാണ് സൈറ. എന്നാല്‍ ഭര്‍ത്താവ് മരിച്ചതോടെ സൈറ ജീവിതത്തില്‍ തനിച്ചാവുകയായിരുന്നു.

മൂന്നു മക്കളില്‍ മുതിര്‍ന്നവന്‍ താജ് അലി ഉസ്ബക്കിസ്താനിലാണ്. മകള്‍ മദീന സെയ്ത് ദുബായിയില്‍ ഉദ്യോഗസ്ഥയാണ്. അപകടത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ ഇളയ മകന്‍ പര്‍വേശ് മാത്രമാണ് സൈറയ്ക്ക് ഒപ്പമുള്ളത്. പരിചരിക്കാന്‍ ആരുമില്ലാതെ രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇവരെ പ്രവാസി മലയാളികളുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന്‍ അട്ടപ്പാടിയിലെ ശാന്തി ഗ്രാമത്തില്‍ എത്തിക്കുകയായിരുന്നു.

ഒരു വര്‍ഷമായി സൈറയും മകനും ശാന്തിഗ്രാമത്തിലെ അന്തേവാസികളാണ്. ഇന്നലെ രാവിലെയായിരുന്നു മരണം. കബറടക്കം അഗളിയില്‍ തന്നെ നടത്തി. പര്‍വേശിനെ ഉസ്ബക്കിസ്താനിലേക്കു കൊണ്ടുപോകാമെന്നു സഹോദരന്‍ അറിയിച്ചതായി ഉമാ പ്രേമന്‍ പറഞ്ഞു.

Exit mobile version