കൊച്ചി: കല്ലട ബസിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം. യാത്രക്കാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം.
തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിന് മുന്‍പ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് കേസിലെ അട്ടിമറിനീക്കം പുറത്തായത്. സുരേഷ് കല്ലട ബസില്‍ യാത്ര ചെയ്തവരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നത്.
ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസിന്റെ ഭാഗമായ തെളിവെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കേസില്‍ അട്ടിമറിനീക്കം നടന്നതായ വിവരം പുറത്തുവന്നത്.
കേസില്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷന്‍ കോടതിയില്‍ മറച്ചുവെച്ചതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത്. കേസിലെ മൂന്നാംപ്രതി ഈ സാഹചര്യത്തില്‍ ജാമ്യത്തുക കെട്ടിവച്ച് ജാമ്യത്തിലിറങ്ങുകയും ചെയ്തു.
എന്നാല്‍ കേസിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ മറ്റുപ്രതികളുടെ ജാമ്യാപേക്ഷ കോടതി തടയുകയായിരുന്നു. അതേസമയം, പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നതായാണ് പോലീസിന്റെ ഭാഷ്യം. നിലവില്‍ ജാമ്യം നേടിയ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസ്.