കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള യുഡിഎഫിനെ വിജയിപ്പിക്കാനായി ശ്രമിച്ചെന്ന് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിമര്‍ശനം. കോഴിക്കോട് മണ്ഡലത്തില്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു സംസ്ഥാനനേതൃത്വമെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. ശ്രീധരന്‍പിള്ള ഇടപെട്ട് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും എംടി രമേശിനെ തഴഞ്ഞുവെന്നും ഇതിലൂടെ യുഡിഎഫിന് വോട്ട് മറിക്കാനായെന്നും രമേശ് അനുകൂലികള്‍ ആരോപിച്ചു.
നേരത്തെ തന്നെ കോഴിക്കോട് യുഡിഎഫിനെ സഹായിക്കാനാണ് ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് ഈ വിമര്‍ശനം. പികെ കൃഷ്ണദാസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കോഴിക്കോട് പ്രധാനപ്പെട്ട എതെങ്കിലും നേതാക്കള്‍ തന്നെ മത്സരിക്കുമെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ. എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോഴിക്കോടിന് വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ശ്രീധരന്‍പിള്ള പേര് വെട്ടുകയായിരുന്നു. കോഴിക്കോട് രമേശിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതായതോടെ കൃഷദാസ് പക്ഷവും രമേശ് പക്ഷവും പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് പികെ പ്രകാശ് ബാബു ജയിലില്‍ കിടക്കവെയാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇത് അന്ന് ഏറെ വിമര്‍ശനത്തിനും കാരണമായിരുന്നു.
Discussion about this post