കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ ചെയര്മാന് പദവിയെ ചൊല്ലി തര്‍ക്കമില്ലെന്ന് ജോസ് കെ മാണി. ചെയര്‍മാനെ സംസ്ഥാനകമ്മിറ്റി തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ് ജോസ് കെ മാണി പ്രതികരിക്കുന്നത്. എന്നാല്‍, പ്രധാന ഭാരവാഹികളുടെ ഒഴിവു നികത്താന്‍ സംസ്ഥാന കമ്മിറ്റി ചേരണമെന്നില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് വിഭാഗം.
ചെയര്മാന്, ഡെപ്യൂട്ടി ചെയര്മാന്, വൈസ് ചെയര്മാന് തുടങ്ങിയ പ്രധാന സ്ഥാനങ്ങളില്‍ ഒഴിവു വരുമ്പോള്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ചേരണ്ടതില്ലെന്ന് ജോസഫ് വിഭാഗം നിലപാട് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിലപാട് ജോസ് കെ മാണി തള്ളി. ചെയര്മാന് സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജോസ് കെ മാണിയുടെ സംസ്ഥാന കമ്മിറ്റി പരാമര്‍ശത്തിന് പിന്നില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ മേല്‍ക്കൈയാണ് എന്നാണ് സൂചന. അതിനാല്‍, ഭൂരിപക്ഷ പിന്തുണയോടെ ചെയര്മാന് സ്ഥാനം ഏറ്റെടുക്കാനാണ് ജോസ് കെ മാണി കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ നീക്കത്തോട് ജോസഫ് വിഭാഗം അനുകൂല നിലപാട് സ്വീകരിച്ചേക്കില്ല.
Discussion about this post