‘ഇവിടെ നല്ല മഴയാണ് നിങ്ങള്‍ വാലറ്റിനോട് പറയൂ എവിടെയെങ്കിലും കയറി നില്‍ക്കാന്‍ മഴമാറിയിട്ട് വന്നാല്‍ മതി’; സൊമാറ്റോ കസ്റ്റമര്‍ കെയറിലേക്ക് വന്ന കുറിപ്പ് വൈറലാകുന്നു

കൊച്ചി: പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിന് പകരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്ന രീതി ഇപ്പോള്‍ കേരളത്തിലും സജീവമാണ്. സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്‌സ് എന്നിങ്ങനെയുള്ള ഡെലിവറി ആപ്പുകളില്‍ നിരവധി ആളുകള്‍ ജോലിചെയ്യുന്നുമുണ്ട്. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഡെലിവറി ബോയ്‌സിനെ പിന്നീട് ഓര്‍ക്കാറു പോലുമില്ല. കടുത്ത വെയിലാണെങ്കിലും മഴയാണെങ്കിലും അവര്‍ക്ക് പ്രശ്‌നമല്ല.

ഇവിടെ ഇതാ മനസില്‍ തൊടുന്ന ഒരു ചെറിയ കുറിപ്പാണ് വൈറലാകുന്നത്.
സൊമാറ്റോ കസ്റ്റമര്‍ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും തന്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പില്‍ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമര്‍ കെയറിനോട് പറയുന്നു. ഒപ്പം, ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോള്‍ ഭക്ഷണം കൊണ്ടു വന്നാല്‍ മതി എന്ന് പറയാന്‍ കഴിയുമോ എന്നും ചാറ്റിലൂടെ കസ്റ്റമര്‍ ചോദിക്കുന്നു.

താങ്കള്‍ പറഞ്ഞതു പ്രകാരം വാലറ്റിനോട് മഴ കൊള്ളാതെ മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കസ്റ്റമര്‍ കെയര്‍ അറിയിച്ചു. കസ്റ്റമറുടെ മാനവികതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് എക്‌സിക്യൂട്ടിവ് ആ ചാറ്റ് അവസാനിപ്പിക്കുന്നത്.

Exit mobile version