തിരുവനന്തപുരം: സിനിമാസ്റ്റൈലില്‍ ഞായറാഴ്ച ഒന്ന് വേട്ടയ്ക്കിറങ്ങിയ ആള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സഹായിയുടെ കൂടെ പാടത്തേക്ക് ഇറങ്ങി പക്ഷിയെ വെടിവെച്ച് വീഴ്ത്തി നല്ല വെടിയിറച്ചിയൊക്കെ കഴിച്ച് റെസ്റ്റ് എടുക്കാമെന്ന് വെച്ചപ്പോഴാണ് പോലീസെത്തി അറസ്റ്റ് ചെയ്തു കൊണ്ട് പോയത്. സംഭവമെന്താണ് എന്ന് അപ്പോള്‍ മനസിലായില്ലെങ്കിലും വൈകാതെ തന്നെ ചതിച്ചത് ക്യാമറയാണെന്ന് റാന്നി മല്ലപ്പിള്ളി സ്വദേശിയായ പൗലോസ് എന്ന മധ്യവയസ്‌കന് മനസിലായി!
പാടത്തേയ്ക്ക് കാറിലെത്തിയ പൗലോസ് കണ്ണില്‍പ്പെട്ട ഒരു പക്ഷിയെ വെടിവച്ചു വീഴ്ത്തി തൂക്കിയെടുത്ത് വീട്ടിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തി ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
ഇതോടെ വെടിയിറച്ചിയുമായി വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വന്ന് പുള്ളിയെ തൂക്കി എടുത്ത് കൊണ്ടുപോവുകയായിരുന്നു. പിന്നെ അറസ്റ്റും റിമാന്റും ജയിലുമൊക്കെയായി പൗലോച്ചന്റെ ഞായറാഴ്ച അങ്ങ് കളര്‍ഫുള്‍ ആവുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് പൗലോസും സഹായിയായ മറ്റൊരാളും ചേര്‍ന്ന് ചെങ്ങരൂര്‍ നടയ്ക്കല്‍ പാടത്ത് നിന്നും ഈ പക്ഷിയെ പിടിക്കുന്നത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ക്യാമറയിലാക്കിയത്. പൗലോസും സഹായികളും വന്നിറങ്ങുന്നതും പക്ഷിയെ വെടി വച്ച് പിടിക്കുന്നതും ഫോട്ടോ സഹിതം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു.
”ഞങ്ങള്‍ക്ക് ലഭിച്ച ഫോട്ടോകളില്‍ കാറിന്റെ നമ്പറും ഉള്‍പ്പെട്ടിരുന്നു. അപ്പോള്‍ തന്നെ വിലാസം കണ്ടെത്തി പൗലോസിന്റെ വീട്ടിലെത്തി. ഞായറാഴ്ച രാത്രി ഏഴുമണിയോടെ വനംവകുപ്പ് ഉദ്യോ?ഗസ്ഥരുടെ സംഘം അയാളുടെ വീട്ടിലെത്തി തോക്കും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന വെടിയിറച്ചിയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൗലോസ് ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.” ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍ അദീഷ് പറഞ്ഞു.
ലൈസന്‍സുള്ളതും ഇല്ലാത്തതുമായ രണ്ട് തോക്കുകള്‍ പൗലോസിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തതായും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പാടശേഖരങ്ങളില്‍ നിന്ന് പക്ഷികളെ ഇറച്ചിയ്ക്കായി വേട്ടയാടുന്നത് ഗുരുതരമായ കുറ്റമാണ്.
വൈല്‍ഡ് ലൈഫ് നിയമപ്രകാരം ജാമ്യം കിട്ടാന്‍ പ്രയാസമുള്ള വകുപ്പാണ് പൗലോസിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ വേട്ടയ്ക്കായി എത്തിച്ചേര്‍ന്ന കാറും വനംവകുപ്പ് അധികൃതരുടെ കസ്റ്റഡിയിലാണ്. പ്രതിയായ ഒരാളെക്കൂടി കസ്റ്റഡിയിലെടുക്കാനുണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും റേഞ്ച് ഓഫീസര്‍ വെളിപ്പെടുത്തിയെന്ന് ഏഷ്യനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ തണ്ണീര്‍ത്തടങ്ങളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന പക്ഷിയാണ് ചായമുണ്ടി എന്ന പര്‍പ്പിള്‍ ഹെറോണ്‍. ഇതിനെയാണ് പൗലോസ് വേട്ടയാടി പിടിച്ചത്. ഹെറോണ്‍ കുടുംബത്തിലെ ഏറ്റവും മനോഹരിയായ പക്ഷി കൂടിയാണിത്. ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി നേരിടുന്നത് മൂലം ഇവ എണ്ണത്തില്‍ കുറവാണെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.