കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. മുക്കം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെവി ബാബുവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക.
കോഴിക്കോട് റൂറല്‍ എസ്പിയുടെയും താമരശേരി ഡിവൈഎസ്പിയുടെയും മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. അധ്യാപകര്‍ എഴുതിയ ഉത്തരക്കടലാസുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
അതേസമയം, സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ റസിയ, പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂര്‍ എച്ച്എസ്എസ് അധ്യാപകനായ പി കെ ഫൈസല്‍ എന്നിവരുടെ അറസ്റ്റ് ആയിരിക്കും ഉടന്‍ രേഖപ്പെടുത്തുക.
ഒളിവില്‍ പോയ അധ്യാപകര്‍ എവിടെയാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് വിവരം. അതിനിടെ പ്രതികളായ അധ്യാപകര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post