കണ്ണൂര്‍: നിസാര കാര്യങ്ങള്‍ക്ക് പോലും കീഴുദ്യോഗസ്ഥര്‍ സമയം നോക്കാതെ ഫോണ്‍ ചെയ്യുന്നുവെന്ന പരാതിയുമായി ജയില്‍ മേധാവി ഡിജിപി ആര് ശ്രീലേഖ. നേരിട്ടുള്ള വിളികള്‍ ഒഴിവാക്കി പകരം മേലുദ്യോഗസ്ഥര്‍ വഴി മാത്രമേ വിളിക്കാവൂ എന്ന് പറഞ്ഞ് ഇറക്കിയ സര്‍ക്കുലര്‍ ആണ് ശ്രീലേഖയ്ക്ക് തലവേദനയായിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ആദ്യ സര്‍ക്കുലര്‍ ഇറക്കിയത്.
ശ്രീലഖേയ്ക്ക് കോളുകള്‍ ശക്തമായ സാഹചര്യത്തില്‍ ഫോണ്‍ വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മൂന്നാമത്തെ സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കി. അവസാനത്തെ രണ്ടു സര്‍ക്കുലറും ഇറക്കിയത് ഒരാഴ്ചത്തെ ഇടവേളയിലാണ്. നിസാര കാര്യത്തിനു വിളിച്ച ചില ഉദ്യോഗസ്ഥര്‍ക്കു ജയില്‍ പരിശീലന കേന്ദ്രത്തിലേക്കു സ്ഥലംമാറ്റം കിട്ടുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കുലര്‍ പാലിക്കപ്പെടുന്നില്ലെന്നു കാണിച്ചു കഴിഞ്ഞ 8നാണു ഡിജിപി രണ്ടാമത്തെ സര്‍ക്കുലര്‍ ഇറക്കിയത്. ജയിലില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയെയോ, മേഖലാ ഡിഐജിയെയോ ആണ് വിളിക്കേണ്ടതെന്നും അവര്‍ മാത്രമേ തന്നെ വിളിക്കാന്‍ പാടുള്ളൂവെന്നുമായിരുന്നു സര്‍ക്കുലര്‍. ഗുരുതരമായ ക്രമസമാധാന പ്രശ്നം, ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യമായി ഡിജിപി ചൂണ്ടിക്കാട്ടിയത്.
Discussion about this post