നാവിക സേനയിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ്; യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി കൊച്ചിയില്‍ പിടിയില്‍

ഇയാളുടെ കൈയ്യില്‍ നിന്നും നാവിക സേന ഓഫീസര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള യൂണിഫോമും സ്ഥാന ചിഹ്നങ്ങളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു.

കൊച്ചി: നാവിക സേനയിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. നാവിക സേനയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാളാണ് ഒടുവില്‍ പിടിയിലായത്. കൊച്ചി പാലാരിവട്ടം പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും നാവിക സേന ഓഫീസര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള യൂണിഫോമും സ്ഥാന ചിഹ്നങ്ങളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു.

കാഞ്ഞിരപ്പള്ളി, പിണ്ണാക്കനാട് സ്വദേശി കണ്ണാമ്പിള്ളി ജോബിന്‍ മാനുവലാണ് നേവി ഓഫീസര്‍ ചമഞ്ഞ് ജോലി തട്ടിപ്പ് നടത്തിയത്. ഇയാള്‍ പാലാരിവട്ടത്തിന് സമീപം ആലിന്‍ ചുവട് ഭാഗത്ത് നടത്തിയിരുന്ന ഗാസ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. കൊച്ചി നേവല്‍ ബേസ്, വിശാഖപട്ടണം നേവല്‍ ബേസ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്ക്, ഓഫീസര്‍ എന്നീ തസ്തികകളില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നാവിക സേന ഓഫീസറുടെ യൂണിഫോം ധരിച്ചാണിയാള്‍ സഞ്ചരിച്ചിരുന്നത്. ഇയാളുടെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധനയില്‍ നാവിക സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന യൂണിഫോമും സ്ഥാന ചിഹ്നങ്ങളും കണ്ടെത്തി. ഈസ്റ്റേണ്‍ നേവല്‍ കമാന്റിലെ ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ ഐഡന്റിറ്റി കാര്‍ഡ്, എന്‍ട്രി പാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തന്ത്ര പ്രധാന കേന്ദ്രങ്ങളായ കൊച്ചി നേവല്‍ ബേസ്, എന്‍എഡി എന്നിവിടങ്ങളില്‍ പലതവണ സന്ദര്‍ശനം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനയില്‍ കാര്‍ മോഷ്ടിച്ചതാണെന്നും നമ്പര്‍ സ്‌കൂട്ടറിന്റേതാണെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Exit mobile version