കോഴിക്കോട്: ജമാഅത്ത് മുഖപത്രമായ മാധ്യമത്തിലും മീഡിയാവണ്‍ ചാനലിലെയും സാമ്പത്തിക ക്രമക്കേടുകളുടെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ ഖാലിദ് മൂസാ നദ് വിയെ സസ്പെന്‍ഡ് ചെയ്ത നടപടിയെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയില്‍ വന്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്.
ജമാഅത്ത് മുഖപത്രമായ മാധ്യമത്തിലും മീഡിയാവണ്‍ ചാനലിലും വലിയ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഈ അഴിമതി അന്വേഷണത്തിന്റെ വിവരമടങ്ങിയ റിപ്പോര്‍ട്ട് ചേര്ത്തിയയതിന് ശൂറാഅംഗമായ ഖാലിദ് മൂസാ നദ് വിയെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി ശൂറകൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തത്. രഹസ്യമാക്കിവെക്കാന്‍ തീരുമാനിച്ച കൗണ്‍സില്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.
അതേസമയം മാധ്യമം, മീഡിയവണ്‍ പ്രതിസന്ധിയുടെ പേരില്‍ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് നദ് വിയുടെ നിലപാട്. ഇത് സംബന്ധിച്ച് വിവാദം കനക്കവെ ജമാഅത്ത് ജന. സെക്രട്ടറി എം കെ മുഹമ്മദലി പ്രവര്‍ത്തര്‍ക്കു നല്കിയ കത്തും പുറത്തായി.
അതേസമയം ക്രമക്കേട് തുറന്നു കാട്ടിയ ഖാലിദ് മൂസയെ സസ്പെന്റ് ചെയ്തതിലും ജമാഅത്തിനുള്ളില്‍ പ്രതിഷേധം പടരുകയാണ്. നിലവില്‍ മാധ്യമം പത്രത്തിലെ ജീവനക്കാര്‍ക്ക് രണ്ട് ഗഡുകളായാണ് ശമ്പളം നല്‍കുന്നത്. ഇതിനെതിരെ ജീവനക്കാരുടെ യൂണിയന് ലേബര്‍ ഡിപ്പാര്‍ട്ട് മെന്റിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ചില്‍ പ്രശ്നം പരിഹരിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതു പാലിക്കാനായില്ല. ഈ പ്രശ്നം നിലനില്‍ക്കുമ്പോഴാണ് സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഖാലിദ് മൂസ രംഗത്തെത്തിയത്. സംഭവം ജമാത്തെ ഇസ്ലാമിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിയ്ക്ക് വഴിവച്ചിരിക്കുകയാണ്.
ജമാഅത്ത് ജന. സെക്രട്ടറി എംകെ മുഹമ്മദലിയുടെതായി പുറത്തിറങ്ങിയ കത്ത്:
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്
സഹപ്രവർത്തകരുടെ ശ്രദ്ധ ഗൗരവപ്പെട്ട ഒരു വിഷയത്തിലേക്ക് ക്ഷണിക്കുകയാണ്. ജനാബ് ഖാലിദ് മൂസാ സാഹിബിനെ ഹൽഖാ അമീർ അന്വേഷണ വിധേയമായി ജമാഅത്ത് അംഗത്വത്തിൽനിന്നും സസ്പന്റ് ചെയ്തിരിക്കുന്നു.
മാധ്യമം ദിനപത്രത്തിലെ യൂനിയനുകൾ ശൂറക്ക് നൽകിയ കത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശൂറ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.പ്രസ്തുത സമിതി പരാതിയിൽ പരാമർശിച്ച യൂനിറ്റുകളും പ്രദേശങ്ങളും സന്ദർശിച്ച്,നിരവധിപേരുമായി മുലാഖാത്ത് നടത്തി പല സിറ്റിംങ്ങുകളിലൂടെ ഒരു റിപ്പോർട്ട് 9-5 -19ന് ശൂറക്ക് സമർപ്പിച്ചു. മീഖാത്ത് അവസാനിക്കാനായിരിക്കെ കഴിവതും നേരത്തേ റിപ്പോർട്ട് സമർപ്പിക്കണമെന്ന സമ്മർദ്ദം-ശൂറയുടെയും,ഹൽഖാകേന്ദ്രത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടായതിനാൽ പരാതിയിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളുടേയും സർവ്വവശങ്ങളും സൂക്ഷമമായി പഠിച്ച് ഒരു അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മറ്റിക്ക് സാധിച്ചിരുന്നില്ല.(ഇക്കാര്യം പ്രസ്തുത റിപ്പോർട്ടിൽ അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്).ഈ സാഹചര്യത്തിൽ ശൂറാ റിപ്പോർട്ടിലെ കണ്ടെത്തുലുകളുടേയും നിഗമനങ്ങളുടേയും ആധാകാരികത ഉറപ്പ് വരുത്താനും തുടർ നടപടികൾ കൈകൊള്ളാനും ആവശ്യമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് 22/5/19ന് വീണ്ടും ചേരാമെന്ന തീരുമാനത്തിൽ പിരിഞ്ഞു. (മുഴു നീളം മൗനിയായി ഖാലിദ് സാഹിബും ഈ ശൂറയിൽ ഉണ്ടായിരുന്നു). സൂക്ഷമമായി എഡിറ്റ് ചെയ്യപ്പെടാത്തതും കേട്ടുകേൾവികൾ വരെ ഉൾകൊളളുന്നതുമായ ഈ റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത്പോകാൻ ഇടയാവരുതെന്നും സൂക്ഷമതക്ക് വേണ്ടി സോഫ്റ്റ് കോപ്പി ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യണമെന്നും അമീർ പ്രത്യേകം ഉണർത്തിയിരുന്നു.എന്നാൽഖാലിദ് സാഹിബ് ഈ റിപ്പോർട്ട് ശൂറക്ക് പുറത്തുള്ള പലർക്കും കൈമാറി. ഇതിലൂടെ അമീറിന്റെ കൽപന ലംഘിക്കുകയും ശൂറയോട് വഞ്ചന കാണിക്കുകയുമാണ് അദ്ദേഹം ചെയ്തത്.അതിന് അദ്ദേഹത്തിന്റെ ന്യായം 10 കോടി പിരിക്കാനുള്ള ശൂറയുടെ നീക്കത്തെ പ്രവർത്തക സമ്മർദ്ദത്തിലൂടെ തടയിടാനാണെന്നാണ്. വാസ്തവത്തിൽ ശൂറ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല. എങ്കിൽപിന്നെ ഈ റമദാനിൽ തന്നെ തിരക്കുപിടിച്ച് ഒരു യോഗവുംകൂടി തീരുമാനിക്കുകയില്ലല്ലോ…?!!.
ഇത്രയും വിശദമായി പറയാൻകാരണം പ്രസ്ഥാനത്തിനും മാധ്യമത്തിനും ഒരു ഗുണവും വരുത്താത്തതും കുറേ ക്ഷതങ്ങൾ വരുത്തുന്നതുമായ ചർച്ചകളാണ് ഈ റിപ്പോർട്ട് ചോർത്തിയതിലൂടെ ഉണ്ടാവാനിടയുള്ളത്. അവിടെ നമ്മൾ ജാഗ്രത കൈകൊള്ളണമെന്ന് പ്രത്യേകം ഉണർത്തുന്നു.
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ…ആമീൻ
എം.കെ. മുഹമ്മദലി
ജനറൽ സെക്രട്ടറി
JIH കേരള
Discussion about this post