കൊച്ചി: കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ശുചീകരണത്തൊഴിലാളിയുടെ ചികിത്സ ആശുപത്രി അധികൃതര്‍ നിഷേധിച്ചതായി പരാതി. എറണാകുളം പാതാളം ഇഎസ്ഐഎസ് ആശുപത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ ആശുപത്രിക്കെതിരെ കടുത്ത ആരോപണമാണ് ഇപ്പോള്‍ ശുചീകരണ തൊഴിലാളികള്‍ നടത്തുന്നത്. കഴിഞ്ഞ ഒരു മാസം മുമ്പ് വേതനം കൂട്ടുന്നില്ലെന്ന് ആരോപിച്ച് ശുചീകരണത്തൊഴിലാളികള്‍ സമരം നടത്തിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ചികിത്സ നിഷേധിച്ചത് എന്നാണ് യുവതിയുടെ പരാതി.
ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കുന്നതിനിടെ ജിജി മധു എന്ന യുവതിയുടെ കണ്ണിന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് നീറുന്ന കണ്ണുമായി യുവതി തീവ്രപരിചരണ വിഭാഗത്തിലും ഫാര്‍മസിയിലും ഓടി നടന്നു. പക്ഷെ ചികിത്സ നല്‍കിയില്ല എന്ന് ജിജി പറയുന്നു.
പാതാളം ഇഎസ്ഐഎസ് ആശുപത്രിയില്‍ കരാര്‍ ജീവനക്കാരായി 31 പേരാണ് നിലവില്‍ ഉള്ളത്. ഇവര്‍ പത്ത് വര്‍ഷമായി ഒരേ വേതനത്തില്‍ പണിയെടുക്കുകയാണ്. തുടര്‍ന്ന് വേതനം വര്‍ധിപ്പിക്കണം, തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ ഒന്നിനായിരുന്നു ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇവരെ വേട്ടയാടിയിരുന്നെന്നും ജിജി പറയുന്നു.
Discussion about this post