ശബരിമല: സന്നിധാനത്ത് സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതിനും നേതൃത്വത്തിനു ചുമതലയുണ്ടെന്നും ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കരി. തൃശൂര്‍ സ്വദേശിനി ലളിതാ രവി ശബരിമലയിലെത്തിയ സമയത്തു ഭക്തര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇക്കാരണത്താലാണ്.
ശബരിമലയില്‍ പോലീസ് പരാജയപ്പെട്ടിട്ടില്ല. പോലീസിനെ സഹായിക്കാനാണു ഭക്തജനങ്ങള്‍ അങ്ങനെ ചെയ്തത്. എല്ലാവരും ചേര്‍ന്നാണു ശബരിമലയില്‍ സമാധാനം ഉണ്ടാക്കിയതെന്നും വല്സന് പറഞ്ഞു.
ആരോ മൈക്ക് തന്നശേഷം ഭക്തരോടു ശാന്തരാകണമെന്നു പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണു മൈക്കുപയോഗിച്ചത്. പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായാണ്. സംശയമുണ്ടെങ്കില്‍ ആര്‍ക്കും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാം. ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണു താഴെ വലിയ പ്രശ്നം നടക്കുന്നതായി കാണുന്നത്. ആദ്യം ഇരുമുടിക്കെട്ട് കയ്യില്‍ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഇരുമുടികെട്ട് അടുത്തു നിന്നയാള്‍ക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയര്‍ത്തി ശാന്തമാകാന്‍ ആവശ്യപ്പെട്ടതാണ്. അയ്യപ്പഭക്തനായ താന്‍ ആചാരലംഘനം നടത്തിയെന്നു പറയുന്ന പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും വല്സന് തില്ലങ്കരി കൂട്ടിച്ചേര്‍ത്തു.
ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കാനാണു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വന്നത്. എക്കാലവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലകൊണ്ടതും അതിനുവേണ്ടി തന്നെയാണ്. വൈകാരികമായ വിഷയമാണെന്നതിനാല്‍ ഭക്തര്‍ പെട്ടെന്നു പ്രകോപിതരാകാനുള്ള സാധ്യതയുണ്ട്. അത്തരം പ്രശ്നം ഒഴിവാക്കുന്നതിനാണു താനുള്‍പ്പെടെയുള്ള നേതൃത്വം ശബരിമലയിലെത്തിയതെന്നും തില്ലങ്കരി പറഞ്ഞു.
Discussion about this post