ആലുവ: ജീവിതം പലവിധത്തില്‍ പരീക്ഷണങ്ങള്‍ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയിട്ടും തളരാതെ മുന്നോട്ടുപോയ ആലുവ കാഞ്ഞൂര്‍ സ്വദേശിയായ സച്ചിന് സജീവിന് പ്ലസ്ടു പരീക്ഷയിലും ഉജ്ജ്വല വിജയം. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയാണ് സച്ചിന് സ്കൂളിന്റേയും കാഞ്ഞൂര്‍ ഗ്രാമത്തിന്റേയും അഭിമാനമായി മാറിയത്.
ഹോട്ടല്‍ തൊഴിലാളിയായ അച്ഛനും രോഗിയായ അമ്മയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയുമുള്പ്പെടുന്നതാണ് സച്ചിന്റെ ചെറിയ കുടുംബം. എന്നാല്‍ ഇവിടെ ജീവിത പ്രാരാബ്ദങ്ങള്‍ക്ക് മാത്രം പഞ്ഞമില്ല. അച്ഛന് സജീവ് ഹോട്ടലില്‍ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് അമ്മയുടെ ചികിത്സയും സച്ചിന്റേയും സഹോദരിയുടേയും പഠനവും വീട്ടുചെലവും കഴിഞ്ഞുപോകുന്നത്.
ഇത്തരം പ്രതിസന്ധികളെയെല്ലാം കഠിനാധ്വാനത്തിലൂടെ അതിജീവിച്ച സച്ചിന് പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സില്‍ ആയിരത്തി ഇരുന്നൂറില്‍ ആയിരത്തി ഇരുന്നൂറ് മാര്‍ക്കും നേടി നാടിനെ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി ഉന്നത പഠനത്തിന് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് സച്ചിനും കുടുംബവും.
Discussion about this post