നെയ്യാറ്റിന്‍കര; കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും എതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചായിരുന്നു അവര്‍ ജീവനൊടുക്കിയത്. എന്നാല്‍ ലേഖ എഴുതിയ കുറിപ്പിലെ ഗാര്‍ഹികപീഡനം ശരിവെച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സ്ത്രീധനം കുറഞ്ഞുപോയതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
പിന്നീടുണ്ടായ നിരന്തര പീഡനത്തെ തുടര്‍ന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛന്‍ ഷണ്‍മുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീര്‍പ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു.
സ്ത്രീധനത്തില്‍ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നല്‍കുകയും ചെയ്‌തെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ പറയുന്നു. സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്‌നമുണ്ടാക്കി തുടങ്ങി.
നീ പറഞ്ഞിട്ടല്ലേ വലിയ വീട് വെച്ചതെന്ന മട്ടില്‍ കുത്തുവാക്കുകള്‍ പറയുമായിരുന്നു. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ലേഖ വിളിച്ചിരുന്നെന്ന് ദേവരാജന്‍ പറയുന്നു. വീട് വില്‍പ്പന മുടങ്ങിയതിനാല്‍ പണം ശരിയായില്ലെന്നും രാവിലെ ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ലേഖ പറഞ്ഞു. ലേഖ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നെന്ന് ദേവരാജന്‍ പറയുന്നു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകുമെന്ന് ദേവശരാജന്‍ ആശ്വസിപ്പിക്കുകയും ചെയ്തു.
ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെ- ”ഞങ്ങളുടെ പ്രേതമേ ഇനി കാണൂ”. ആത്മഹത്യ ചെയ്യുമെന്ന സൂചന മകള്‍ വൈഷ്ണവിയുമായി ലേഖ പങ്കുവെച്ചിരുന്നു. ‘ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റക്കാകും’- വൈഷ്ണവി പറഞ്ഞെന്ന് ലേഖ ശാന്തയോട് പറഞ്ഞതായാണ് വിവരം.
Discussion about this post