തൃശ്ശൂര്‍: സ്‌കൂള്‍ തുറക്കാറായി ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളുടെ അഡ്മിഷന് വേണ്ടി പരക്കം പായുകയാണ്. തങ്ങളുടെ കുട്ടികള്‍ നാളത്തെ സമൂഹത്തിന് മാതൃകയാവണം, അതിന് നല്ല സ്‌കൂളില്‍ തന്നെ ചേര്‍ക്കണം എന്ന് കരുതി എല്ലാ അച്ഛനമ്മമാരും കുട്ടികളെ ഏതെങ്കിലും നല്ല ഇംഗ്ലീഷ് മീഡിയത്തില്‍ ആക്കാന്‍ ശ്രമിക്കുന്നതും കാണാം.
എന്നാല്‍ അത്തരത്തില്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമേ പഠിപ്പിക്കൂ എന്ന് വാശിപിടിക്കുന്ന മാതാപിതാക്കള്‍ക്ക് ഇതാ തമിഴ്നാട്ടില്‍ അസിസ്റ്റന്റ് കളക്ടറായി സേവനം ചെയ്തുവരുന്ന മലയാളിയായ സരയു മോഹനചന്ദ്രന്റെ കുറിപ്പ്. തന്റെ അനുഭവമാണ് അവര്‍ ഇവിടെ കുറിക്കുന്നത്. ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ വലിയ സ്‌കൂളുകളില്‍ തനിക്ക് കിട്ടാത്ത അഡ്മിഷനുകളാണ് തന്നെ താനാക്കിയതെന്ന് കളക്ടര്‍ തുറന്നു പറയുന്നു. ഒപ്പം ഇംഗ്ലീഷ് മീഡിയങ്ങള്‍ക്കു പിറകെ പായുന്ന മാതാപിതാക്കള്‍ക്ക് സന്ദേശവും കുറിപ്പിലൂടെ നല്‍കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
ഏപ്രിൽ മെയ് മാസങ്ങൾ അഡ്മിഷൻ കാലമാണല്ലോ. പരാതിക്കാരില്‍ ചിലരെങ്കിലും അടുത്തുള്ള പ്രൈവറ്റ് സ്‌കൂളിലെ അഡ്മിഷനു ശുപാര്‍ശ ചോദിച്ചു വരുന്നവരാണ്. തൃശൂരില്‍ നിന്നുമുള്ള മലയാളി കന്യാസ്ത്രീകള്‍ വളരെ നന്നായി നടത്തി വരുന്ന അണ്‍ എയിഡഡ് സ്‌കൂളാണ് സെന്റ് മേരീസ്. ഇംഗ്ലീഷ് മീഡിയത്തോടുള്ള കടുത്ത അഭിനിവേശവും അവിടെയുള്ള കര്‍ക്കശമായ അധ്യാപന രീതികളുമാവണം മാതാപിതാക്കളെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നത്. ഇന്നലെ കാണാന്‍ വന്ന ഒരു രക്ഷിതാവിന് എന്റെ ശുപാര്‍ശക്കത്ത് കൂടിയേ തീരൂ.കഴിഞ്ഞവര്‍ഷം അതേ സ്‌കൂളില്‍ വാര്‍ഷികാഘോഷത്തിന് മുഖ്യാതിഥിയായി ചെല്ലുമ്പോള്‍ പ്രിന്‍സിപ്പല്‍ എന്റെ ചെവിയില്‍ പറഞ്ഞതാണ് എനിക്കോര്‍മ്മ വന്നത്: ‘മാഡം, അടുത്ത അഡ്മിഷന്‍ സമയാവുമ്പോ ശുപാര്‍ശയൊന്നും പറയല്ലേ ട്ടോ, ഞങ്ങള്‍ pure merit ല്‍ ആണ് അഡ്മിഷന്‍ കൊടുക്കുന്നത്.’ എല്‍ കെ ജി ക്കാരന് എന്ത് pure merit എന്ന് ഉള്ളില്‍ തികട്ടി വന്ന റിബലിസത്തെ ഉള്ളിലടക്കി ,ഗവണ്‍മെന്റ് സ്‌കൂളുകളില്‍ മാത്രമേ ക്ഷണം സ്വീകരിച്ചു പോവൂ എന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയതില്‍ ഖേദിച്ചതൊക്കെ ഓര്‍ത്തെടുക്കുമ്പോഴാണ് പരാതിക്കാരി എന്നെ വീണ്ടും വിളിക്കുന്നത്. ‘യേന്‍ മാഡം ,എതുമേ സൊല്ലമാട്ടീങ്ക്‌ളാ?? എന്നോടെ കൊളന്തയോടെ വാഴ്‌കൈ ഉങ്ക കൈയ്യില്‍ താന്‍ …’ ഞാന്‍ പറഞ്ഞാലും അഡ്മിഷന്‍ കിട്ടില്ല എന്ന് പറഞ്ഞിട്ടും അവര്‍ വിടുന്ന ലക്ഷണമില്ല.കയ്യിലിരുന്ന biodata യില്‍ എന്നെ കൊണ്ട് recommended എന്നെഴുതി വാങ്ങിയട്ടേ അവര്‍ സമ്മതിച്ചുള്ളൂ.അഡ്മിഷനു വേണ്ടി ഈ കൊടുംചൂടില്‍ അലഞ്ഞു തിരിയുന്നതിന്റെ പെടാപ്പാടും ഇപ്പറയുന്ന സ്‌കൂളില്‍ മോള്‍ക്ക് അഡ്മിഷന്‍ കിട്ടിയില്ലെങ്കിലോ എന്ന ആകുലതയും ഒക്കെ അവര്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ ഞാന്‍ ചോദിച്ചു:’എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്,അടുത്ത് തന്നെ ഒരു govt സ്‌കൂളും ഗവ.എയിഡഡ് സ്‌കൂളും ഉണ്ടല്ലോ’. അവരുടെ മുഖം മാറി. മാഡത്തിനങ്ങനെയൊക്കെ പറയാം. വലിയ സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയത്തിലൊക്കെ പഠിച്ചിട്ടല്ലേ മാഡം ഈ നിലയിലെത്തിയത്. ഞങ്ങള്‍ക്ക് മക്കളെപ്പറ്റിയുള്ള ആധിയും അഡ്മിഷനു വേണ്ടിയുള്ള അലച്ചിലും നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാവില്ല. ഞാന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. അവര്‍ ഇറങ്ങി പോവുമ്പോള്‍ ഇതുപോലെ ഒരു മൂന്നു വയസ്സുകാരിയേയും കൊണ്ട് അഡ്മിഷനു വേണ്ടി കാത്തു നിന്ന അമ്മയെയാണെനിക്ക് ഓര്‍മ്മ വന്നത്. കുഞ്ഞേച്ചി പഠിക്കുന്ന സ്‌കൂളില്‍ തന്നെ എന്നെ ചേര്‍ക്കാന്‍ പോവുമ്പോള്‍ സിസ്റ്റര്‍ പറഞ്ഞു,വയസു നാലാവണം. ഇവിടെ admission കിട്ടണമെങ്കില്‍.അമ്മ പിന്നെയും ഒരു വര്‍ഷം കാത്തിരുന്നു,ബെഞ്ചും ഡെസ്‌കുമുള്ള, ചൂരലുള്ള സിസ്‌റേറഴ്‌സ് പഠിപ്പിക്കുന്ന സ്‌കൂളില്‍ admission കിട്ടാന്‍. നാലാം വയസില്‍ പോവുമ്പോള്‍ ‘സ്‌നേഹ സേന’ എന്നെഴുതിയിരിക്കുന്നത് കാണിച്ച് ഉറക്കെ വായിക്കാന്‍ പറഞ്ഞു സിസ്സര്‍.ഉറക്കെ വായിച്ചിട്ടും അഡ്മിഷന്‍ കിട്ടാത്ത എന്നെ പറ്റി അപ്പയും അമ്മയും പരിഭ്രമിച്ചില്ല. അങ്ങനെയാണ് തൊട്ടടുത്തുള്ള ദാറുസ്സലാം സ്‌കൂളില്‍ ഞാന്‍ ചേരുന്നത്. ഒരു ഗവ എയിഡഡ് സ്‌കൂളായിരുന്നതിന്റെ പരിമിതികള്‍ നിറയെ ഉണ്ടായിരുന്നു അന്ന്… അപ്പയുടെ കൂട്ടുകാരൊക്കെ ഈ തീരുമാനത്തെ ചോദ്യം ചെയ്തു.ബെഞ്ചും ഡെസ്‌കുo ഇല്ലാത്ത സ്‌കൂളില്‍ ഞങ്ങളൊക്കെ നിലത്തിരുന്ന് ആദ്യാക്ഷരങ്ങള്‍ പഠിച്ചു. നന്നായി പഠിച്ച് നാലിലെത്തിയാല്‍ ഡെസ്‌കില്‍ വെച്ചെഴുത്തുന്നത് സ്വപ്നം കണ്ടു പഠിച്ചു. ഡെസ്‌കുള്ള സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടിയവര്‍ ഭാഗ്യവാന്‍മാരാണല്ലോ എന്നോര്‍ത്ത് അസൂയ പൂണ്ടു. എന്തായാലും ഇവിടെ നാലാം ക്ലാസുവരെയേ ഉള്ളൂ.അത് കഴിഞ്ഞ് അടുത്തുള്ള govt aided സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടണം.മുന്‍പ് അഡ്മിഷന്‍ നിഷേധിച്ച സ്‌കൂളിലെ കുട്ടികള്‍ക്കാണ് അവിടെ മുന്‍ഗണന.ഞാന്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് അവിടെ പരിഗണന കുറവാണ്.കാരണം ഞങ്ങള്‍ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നത് തന്നെ നാലാം ക്ലാസിലാണ്.അവരൊക്കെ lkg യിലും. ഒന്നിലിരുന്ന് രണ്ടിലേക്ക് ജയിക്കുമ്പോഴാണ് ആകെപ്പാടെ ഒരു മാറ്റം. ഡിപിഇപി വന്നു.പുസ്തകങ്ങള്‍ മഞ്ചാടിയും കുന്നിമണിയും മിന്നാമിന്നിയുമായി. ഞങ്ങള്‍ കവിതയെഴുതാനും കഥകള്‍ പറയാനും പരീക്ഷണങ്ങള്‍ ചെയ്യാനും തുടങ്ങി.പരീക്ഷയെ പേടിക്കാതെ ഞങ്ങള്‍ ആര്‍ത്തുല്ലസിച്ചു പഠിച്ചു.വിജൂന ടീച്ചറും, റംലത്ത് ടീച്ചറും, ഉമൈറത്ത് ടീച്ചറും ഒക്കെ ഞങ്ങളെ കലോത്സവങ്ങള്‍ക്കു കൊണ്ടു പോയി. ശാസ്ത്ര പ്രദര്‍ശനങ്ങളും ക്വിസ് competition കളും ഒക്കെ പരിചയപ്പെടുത്തി തന്നത് ഇവരൊക്കെയാണ് .നാലാം ക്ലാസ്സില്‍ LSS സ്‌കോളര്‍ഷിപ് കിട്ടിയപ്പോള്‍ ഞങ്ങളെ പറ്റി അഭിമാനം കൊണ്ട അധ്യാപകര്‍ തന്ന ഊര്‍ജം ചെറുതല്ല.ജില്ലാ കലോത്സവത്തില്‍ കഥാ കഥനത്തിന് സി ഗ്രേഡ് കിട്ടിയപ്പൊഴും ‘മിടുക്കി’എന്ന് പറഞ്ഞു അഭിനന്ദിച്ചതും ഇതേ ഗുരുഭൂതന്മാരാണ്. അടുത്തുള്ള കര്‍ദിനാള്‍ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി അവിടെ പത്താംതരം പൂര്‍ത്തിയാക്കുമ്പോള്‍ മനസ്സുനിറയെ ഇനി വലിയൊരു സ്‌കൂളില്‍ പോയി പഠിക്കണമെന്ന ആഗ്രഹമായിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ചതിന്റെ അപകര്‍ഷത ബോധമായിരുന്നു അന്ന്. ഇംഗ്ലീഷാണ് എല്ലാം എന്ന മിഥ്യാ ധാരണ.അങ്ങനെയാണ് നഗരത്തിലെ പ്രശസ്തമായ St Theresas സ്‌കൂളില്‍ application കൊടുക്കുന്നത്.എല്ലാ വിഷയത്തിനും A plus കിട്ടിയിട്ടും ഇന്റര്‍വ്യൂ ദിവസം എന്റെ പേര് വിളിച്ചില്ല.വാതില്‍ക്കല്‍ നിന്ന സിസ്റ്റര്‍ അഡ്മിഷന്‍ തീര്‍ന്നു എന്നറിയിച്ചു. ഓടിക്കിതച്ച് പഠിച്ച സ്‌കൂളില്‍ നിറകണ്ണുകളോടെ എത്തുമ്പോള്‍ എന്നെ dictionary തന്നു സ്വീകരിച്ചു എന്റെ അധ്യാപകര്‍.പണ്ട് അഡ്മിഷന്‍ കിട്ടാത്ത 4 വയസുകാരിയെ വിഷമിക്കണ്ട എന്ന് പറഞ്ഞു കൊണ്ട് വന്നത് അമ്മയായിരുന്നെങ്കില്‍ ഇത്തവണ അപ്പയായിരുന്നു കൂടെ. തിരിഞ്ഞ് നോക്കുമ്പോള്‍ കിട്ടാത്ത അഡ്മിഷനുകളാണ് എന്നെ ഞാനാക്കിയത്. കണ്ടീഷനുകളില്ലാതെ കൈ നീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരേയും തുറന്ന മനസ്സോടെ സമീപിക്കാന്‍ എന്നെ പഠിപ്പിച്ചത്.നിലത്തിരുന്ന് ആദ്യാക്ഷരങ്ങള്‍ സ്ലെറ്റില്‍ എഴുതി പഠിക്കുമ്പോള്‍ അടുത്തിരുന്ന അജാസിനെയും ശീതളിനെയും സഹായിക്കാന്‍ പറഞ്ഞ അന്നമ്മ ടീച്ചറാണ് സഹവര്‍ത്തിത്വത്തിന്റെ ബാലപാഠങ്ങള്‍ ചൊല്ലിത്തന്നത്. മാതൃഭാഷയിലൂടെ ഗണിതവും, ഭൗതിക ശാസ്ത്രവും, രസതന്ത്രവും മാത്രമല്ല, സ്‌നേഹിക്കാനും, പങ്കുവെക്കാനും, സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടാവാനും ഒക്കെ ഞങ്ങളെ പഠിപ്പിച്ചു.
വലിയ വലിയ സ്‌കൂളുകളും, ക്ലാസ് റൂം അഴുക്കായാലോ എന്നോര്‍ത്ത് കുഞ്ഞുങ്ങള്‍ ചോറു തിന്നരുതെന്നു പറയുന്ന അധ്യാപകരും, മൂത്രമൊഴിക്കാന്‍ ഇംഗ്ലീഷില്‍ അനുവാദം ചോദിക്കാന്‍ ഭയന്ന് യൂറിനറി ഇന്‍ഫെക്ഷന്‍ വരുന്ന കുരുന്നുകളും. ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലില്‍ നിങ്ങള്‍ ശുപാര്‍ശക്കായോടുന്നത്? കുഞ്ഞുങ്ങള്‍ ചിത്രശലഭങ്ങളല്ലേ. അവരുടെ ചിറകുകള്‍ കൂടുതല്‍ വര്‍ണ്ണാഭമാവട്ടെ. അവര്‍ പാറിപ്പറന്നു നടക്കട്ടേ.