തൃശ്ശൂര്‍: എത്ര വലിയൊരു ജനക്കൂട്ടത്തേയാണ് പോലീസും ഭരണകര്‍ത്താക്കളും ചേര്‍ന്ന് ഒരു അനിഷ്ട സംഭവവുമില്ലാതെ സുഖകരമായി നിയന്ത്രിച്ചത്. തൃശ്ശൂര്‍ പൂരത്തിനിടെ, ഒരു അക്രമമോ, തമ്മില്‍ തല്ലോ, പോക്കറ്റടിയോ, മാലമോഷണമോ ഒന്നും തന്നെ ആ വലിയ ജനസാഗരത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഒരു പിഴവുമില്ലാതെ കൃത്യമായ പ്ലാനിങോടെ നടപ്പാക്കിയ സുരക്ഷാ ക്രമീകരണങ്ങളാണ് എല്ലാത്തിനും കാരണം. ഈ ക്രമീകരണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കും ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ്ചന്ദ്രയ്ക്കും നിറഞ്ഞമനസോടെ നന്ദി പറയുകയാണ് ജനങ്ങള്‍. കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് പോലീസിനും സര്‍ക്കാരിനും അഭിമാനിക്കാനുള്ള വകയായി.
തിരക്കിനിടെ കൂട്ടം തെറ്റിപ്പോയ 62 പേരെയാണ് പോലീസ് സുരക്ഷിതമായി തിരിച്ച് വീടുകളിലെത്തിച്ചത്. ഇതില്‍ 12 കുട്ടികളും ഉള്‍പ്പെടുന്നു. മൊബൈല്‍ ഫോണ്‍ ജാം ആയിരുന്നെങ്കിലും വയര്‍ലെസ് സെറ്റിലൂടെ അതതു പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിച്ചു. മൈക്കിലൂടെ തുടര്‍ച്ചയായി അനൗണ്‍സ്മെന്റ് മുഴങ്ങിയതും ബന്ധുക്കളെ കണ്ടെത്തി എല്ലാവരെയും തിരിച്ചേല്‍പ്പിക്കുന്നതിനു സഹായകരമായി.
ഗതാഗതം നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും 3600 അംഗ പോലീസ് സേനയാണ് അണി നിരന്നത്. 160 അംഗ ബോംബ് ഡിറ്റക്ഷന്‍ ടീം മുഴുവന്‍ സമയവും പൂരപ്പറമ്പില്‍ ഉണ്ടായിരുന്നു. പൂരത്തിനിടെ ആളൊഴിഞ്ഞ വീടുകളില്‍ മോഷണം നടത്തി വന്നിരുന്ന സംഘത്തിനും ഇത്തവണ കണക്കുകൂട്ടല്‍ തെറ്റി. അത്തരം കുറ്റകൃത്യങ്ങളും നഗരത്തെ പോലീസ് വളഞ്ഞതോടെ ഇക്കുറി നടന്നില്ല. ഏറ്റവും മികച്ച രീതിയില്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ച കളക്ടര്‍ ടിവി അനുപമയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍മീഡിയ പേജുകളില്‍ നിറയുന്നത്.
Discussion about this post