ചങ്ങനാശ്ശേരി: വിദേശ മദ്യ ഷോപ്പിന് തീപ്പിടിച്ചപ്പോള്‍ ‘ജവാനെ’ രക്ഷിയ്ക്കാന്‍ വെള്ളവുമായി ഓടിയെത്തി മദ്യം വാങ്ങാനെത്തിയവര്‍. കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാല്‍ വിദേശ മദ്യഷോപ്പിലാണ് ചെറിയ തോതില്‍ തീപിടിത്തമുണ്ടായത്.
വരി നിന്നവരടക്കമുള്ളവരുടെ സമയോചിതമായ ഇടപെടല്‍ മദ്യ കുപ്പികള്‍ക്കടക്കം രക്ഷയായി. ‘ജവാനെ’ രക്ഷിക്കാനായി നൂറുകണക്കിന് നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അഞ്ചര മണിയോടെ കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പില്‍ കറണ്ട് പോയിരുന്നു. ഇതോടെ ജനറേറ്ററിലായിരുന്നു മദ്യ ഷോപ്പിന്റെ പ്രവര്‍ത്തനം. ഏകദേശം അരമണിക്കൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ ജനറേറ്ററിന് തീ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ജനറേറ്റര്‍ കത്തി.
ജവാന്‍ മദ്യം സൂക്ഷിച്ചിരുന്നതിന് അടുത്തായിരുന്നു ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. ജനറേറ്റര്‍ കത്തിതുടങ്ങിയപ്പോള്‍ തന്നെ വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു. വിദേശ മദ്യശാലയ്ക്ക് സമീപത്തുണ്ടായിരുന്ന കിണറ്റില്‍ നിന്ന് വെള്ളംകോരി ഏവരും ഒരേ മനസ്സാല്‍ പരിശ്രമിച്ചതോടെയാണ് തീ അണയ്ക്കാനായത്.
ഇതിനിടെ വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സും എത്തിയിരുന്നു. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഓടികൂടിയവര്‍ ബക്കറ്റിലും കാലി കുപ്പിയിലുമൊക്കെയാണ് വെള്ളം എത്തിച്ചത്.
രണ്ട് മുറികളിലായി വില്‍പനയ്ക്കുള്ള മദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. ജനറേറ്റര്‍ സമയത്ത് അണയ്ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ദുരന്തമാകുമായിരുന്നെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനറേറ്റര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന് പൊള്ളലേറ്റിട്ടുണ്ട്.
Discussion about this post