മലപ്പുറം: എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു കൊണ്ട് ഇറങ്ങിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ മാനേജ്‌മെന്റ് ഇറങ്ങിയിരുന്നു. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്ര ധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കുലര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിലക്ക് നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
തുടര്‍ന്ന് വിഷയം വിവാദമാവുകയും വിലക്കിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. മുഖം മറയ്ക്കുന്നത് ഇസ്ലാം മതത്തില്‍ ഉള്ളതല്ലെന്നും 90 ശതമാനം മുസ്ലീം സ്ത്രീകളും മുഖം മറയ്ക്കാറില്ലെന്നും ഡോ ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
Discussion about this post