തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്യാന്‍ കാരണം ജപ്തി ഭീഷണിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കാനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന് കൗണ്ടര്‍ അടിച്ചുതകര്‍ത്തു.
തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കാനറാ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടിലില്‍ ബാങ്കിനു മുന്നില്‍ വലിയ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
അതേസമയം, പ്രതിഷേധം ഭയന്ന് കാനറാ ബാങ്കിന്റെ മൂന്നു ശാഖകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. 15 വര്‍ഷം മുന്‍പെടുത്ത ഭവനവായ്പ കുടിശ്ശികയായതിനെ തുടര്‍ന്ന് ബാങ്കിന്റെ ജപ്തി ഭീഷണി മൂലം ചൊവ്വാഴ്ചയാണ് നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട ‘വൈഷ്ണവി’യില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യും തീകൊളുത്തി ആത്മഹത്യ ചെയ്തത്.
Discussion about this post